കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് ; ജോയ്‌സ് ജോര്‍ജിന് ഹൈക്കോടതി ഒരു മാസത്തെ സാവകാശം അനുവദിച്ചു

Joyce George MP

കൊച്ചി: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ദേവികുളം അഡീഷണല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകുന്നതിന് ജോയ്‌സ് ജോര്‍ജ് എംപിക്ക് ഹൈക്കോടതി ഒരു മാസത്തെ സാവകാശം അനുവദിച്ചു. ഭൂമി ഇടപാടിലെ രേഖകളുമായി നേരിട്ട് ഹാജരാകാന്‍ ജോയ്‌സ് ജോര്‍ജ് എം.പിയോട് ദേവികുളം സബ് കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.

പല തവണ നോട്ടീസ് അയച്ചിട്ടും രേഖകളുമായി ഹാജരായില്ല, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൃത്യമായ രേഖകള്‍ ഹാജരാക്കിയില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ജായ്‌സ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. മുന്‍ ദേവികുളം മുന്‍ സബ് കളക്ടറായിരുന്ന വി ആര്‍ പ്രേം കുമാറിന്റേതായിരുന്നു നടപടി.

ഇതിനെതിരെ ജോയ്‌സ് ജോര്‍ജ് ജില്ലാ കളക്ടറെ സമീപിച്ചു. എന്നാല്‍ വേണ്ടവിധത്തിലുള്ള നടപടി ക്രമങ്ങള്‍ പാലിച്ചല്ല പ്രേം കുമാര്‍ പട്ടയം റദ്ദാക്കിയതെന്ന് കണ്ടെത്തിയതെങ്കിലും പ്രേം കുമാറിന്റെ നടപടി കളക്ടര്‍ റദ്ദാക്കിയില്ല. തുടര്‍ന്ന് വിഷയം പുനഃപരിശോധിക്കാന്‍ കളക്ടര്‍ സബ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

എന്നാല്‍ ഭൂമിയിടപാട് വിഷയത്തില്‍ സബ് കളക്ടറുടെ നടപടി റദ്ദാക്കണമെന്ന ആവശ്യവുമായി ജോയ്‌സ് ജോര്‍ജ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക്
പരാതി നല്‍കി. പിന്നീട് വിഷയം ഒന്നുകൂടി പരിശോധിക്കാന്‍ സബ് കളക്ടര്‍ക്ക് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു മാസം കൂടി ഹൈക്കോടതി സാവകാശം നല്‍കിയിരിക്കുകയാണ്.

Top