വാഹനാപകടം; സ്‌കൂട്ടറില്‍ ലോറിയിടിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോട്ടക്കല്‍: അച്ഛനോടൊപ്പം മുച്ചക്ര സ്‌കൂട്ടറില്‍ യാത്ര ചെയ്ത മകള്‍ വാഹനാപകടത്തില്‍ മരിച്ചു. വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ലോറിയിടിക്കുകയും തുടര്‍ന്ന് കുട്ടി തെറിച്ചു വീഴുകയും ആയിരുന്നു. ചാപ്പനങ്ങാടിയിലെ പൂതംകോട്ടില്‍ ഗിരീഷിന്റെയും വിജയശ്രീയുടെയും മകള്‍ ജിധിഷ (13) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് പറങ്കിമൂച്ചിക്കലിനടുത്ത് വച്ചായിരുന്നു അപകടം നടന്നത്.

വികലാംഗനായ ഗിരീഷാണ് വാഹനം ഓടിച്ചത്. ഇദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചാപ്പനങ്ങാടി പിഎംഎസ്എ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജിധീഷ. മലപ്പുറം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഇന്ന് രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സഹോദരങ്ങള്‍: ജോഷിമ, ജ്യോതിഷ്, ജിതിന്‍.

Top