കോട്ടയം : താഴത്തങ്ങാടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സര്‍ക്കാര്‍ സ്‌കൂളിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
സ്‌കൂളിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന അംഗന്‍വാടി കെട്ടിടമാണ് പൂര്‍ണമായും തകര്‍ന്നു വീണത്. രാവിലെ 9.30 ഓടെയായിരുന്നു സംഭവം നടന്നത്.
മഴയായതിനാല്‍ കുട്ടികള്‍ വൈകിയെത്തിയതാണ് വന്‍ അപകടം ഒഴിവാക്കിയത്. കെട്ടിടത്തിന്റെ ശോചനീയ അവസ്ഥയെപ്പറ്റി പരാതിപ്പെട്ടിട്ടും അധികാരികള്‍ നടപടികള്‍ എടുത്തിരുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
രാവിലെ സ്‌കൂളില്‍ ഭക്ഷണം തയാറാക്കാനെത്തിയ സ്ത്രീ എന്തോ ശബ്ദം കേട്ട് അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ അധ്യാപകര്‍ കെട്ടിടകത്തിനകത്തുണ്ടായിരുന്ന നാലു കുട്ടികളെ മറ്റു സ്ഥലത്തേക്ക് മാറ്റി.
ഇതിനു തൊട്ടുപിന്നാലെ കെട്ടിടം പൂര്‍ണമായും തകര്‍ന്നുവീണു. ഏതാനും മിനിറ്റുകള്‍കൂടി വൈകിയിരുന്നെങ്കില്‍ കുട്ടികള്‍ കെട്ടിടത്തിനുള്ളില്‍ അകപ്പെടുമായിരുന്നു.
കാലപ്പഴക്കംചെന്ന സ്‌കൂള്‍ കെട്ടിടം പുതുക്കി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തുവന്നിട്ടുണ്ട്. ഇതിനായി പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും അവര്‍ അറിയിച്ചു.