കോട്ടയം: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ രോഗത്തില്‍ നിന്ന് മുക്തി നേടുന്ന വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് ഒരുപാട് ആശ്വാസം പകരുന്നതാണ്. ഇപ്പോഴിതാ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നാലുപേരുടെയും ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
റാന്നി ഐത്തല സ്വദേശികളായ വയോധികരായ ദമ്പതികളും ഇവരുടെ അടുത്ത ബന്ധുക്കളായ തിരുവാര്‍പ്പ് ചെങ്ങളം സ്വദേശികളായ യുവദമ്പതികളുമാണ് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്.
യുവദമ്പതികളുടെ നാലര വയസുള്ള മകള്‍ക്ക് രോഗം ബാധിച്ചില്ലെന്ന് നേരത്തെ പരിശോധനയില്‍ വ്യക്തമായിരുന്നു. രോഗലക്ഷണവുമായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടുപേരെ ശനിയാഴ്ച ആശുപത്രിയില്‍ നിന്നും വിട്ടയച്ചിരുന്നു. രോഗം പൂര്‍ണമായും മാറിയാലും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള 28 ദിവസം കഴിഞ്ഞെങ്കില്‍ മാത്രമേ ഇവര്‍ക്ക് മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയൂ.