കൊറോണ; കോട്ടയം മെഡിക്കല്‍ കോളേജില്‍ ഏഴ് പേര്‍ നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഏഴ് പേരാണ് നിരീക്ഷണത്തില്‍. ഇറ്റലിയില്‍ നിന്ന് എത്തിയ ഗൃഹനാഥന്റെ പ്രായമായ മാതാപിതാക്കളേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ കുടുംബവുമായി അടുത്ത് ഇടപഴകിയ ആളുകളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

അതേസമയം,കോട്ടയം നഗരപരിധിയില്‍ മാത്രം ഇത്തരത്തില്‍ മൂന്ന് പേര്‍ ഉണ്ടെന്നാണ് വിവരം. ചെങ്ങളത്ത് രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്ന് വന്ന കുടുംബം നിലവില്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്.

ഖത്തര്‍,സിംഗപ്പൂര്‍,എന്നിവിടങ്ങളില്‍ നിന്ന് വന്ന രണ്ട് പേരും മെഡിക്കല്‍ കോളേജിലുണ്ട്. അതേ സമയം സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലിരുന്ന വ്യക്തിക്ക് കൊറോണ വൈറസ് ഇല്ലെന്ന് കണ്ടെത്തി. ഇയാള്‍ ആശുപത്രി വിട്ടു.

കോട്ടയം മെഡിക്കല്‍ കോളേജ് രോഗികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മാത്രമല്ല
രോഗികളെ മറ്റുള്ളവര്‍ സന്ദര്‍ശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

Top