കോട്ടയം: കോട്ടയം നഗരസഭയില്‍ ഭരണം നിലനിര്‍ത്തി യുഡിഎഫ്. 22 വോട്ടുകള്‍ നേടി മുന്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ വിജയിച്ചു. എല്‍ഡിഎഫിന്റെ ഷീജ അനിലിന് 21 വോട്ടുകളാണ് ലഭിച്ചത്.
ഇത് സത്യത്തിന്റെയും നന്മയുടെയും വിജയമാണ്. അട്ടിമറി നടത്താന്‍ പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചെങ്കിലും അന്തിമ വിജയം യുഡിഎഫിന് നേടാനായി. കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി കോട്ടയം നഗരത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് ബിന്‍സി സെബാസ്റ്റ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുവലതുമുന്നണികള്‍ക്ക് തുല്യഅംഗബലമുള്ള കോട്ടയത്ത് നിര്‍ണായക തെരഞ്ഞെടുപ്പാണ് നടന്നത്. ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് അവിശ്വാസം പാസാക്കിയതിനെ തുടര്‍ന്നാണ് കോട്ടയം നഗരസഭയില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എല്‍ഡിഎഫിന്റെ ഒരംഗം അനാരോഗ്യം കാരണം എത്താത്തതാണ് യുഡിഎഫിന്റെ വിജയത്തിന് വഴിതിരിച്ചത്.
നേരത്തെ, കോട്ടയത്ത് പാസാക്കിയ രണ്ട് അവിശ്വാസ പ്രമേയങ്ങളും വിവാദമായിരുന്നു. ഈരാറ്റുപേട്ട നഗരസഭയില്‍ എസ്ഡിപിഐ പിന്തുണയോടെ അവിശ്വാസം പാസായത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിജെപി പിന്തുണയോടെ കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവിശ്വാസം പാസാക്കിയത്. ഇതോടെ നറുക്കെടുപ്പിലൂടെ അധ്യക്ഷ സ്ഥാനത്തെത്തിയ യുഡിഎഫിന്റെ ബിന്‍സി സെബാസ്റ്റ്യന്‍ പുറത്താവുകയായിരുന്നു.