കോട്ടയം നസീറിന്റെ ഹ്രസ്വ ചിത്രം; ‘കുട്ടിച്ചന്‍’ കോപ്പിയടിയെന്ന് ആരോപണം

ലയാള സിനിമാ താരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കോട്ടയം നസീറിന്റെ ഹ്രസ്വ ചിത്രം കോപ്പിയടിയെന്ന് ആരോപണം. കോട്ടയം നസീര്‍ സംവിധാനവും രചനയും നിര്‍വ്വഹിച്ച ചിത്രത്തിന്റെ പ്രമേയം തന്റെ സിനിമയിലെ ഒരു ഭാഗവുമായി വളരെ അടുത്തു നില്‍ക്കുന്നുവെന്ന ആരോപണവുമായ് എത്തിയിരിക്കുകയാണ് സംവിധായകന്‍ സുദേവന്‍ പെരിങ്ങോട്.

സുദേവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘അകത്തോ പുറത്തോ’എന്ന ചിത്രത്തിലെ വൃദ്ധന്‍ എന്ന ഭാഗത്തിന്റെ ആശയവും പരിചരണ രീതിയും അതുപോലെ എടുത്തിരിക്കുകയാണെന്നാണ് വാദം. ഫെയ്‌സ്ബുക്കിലൂടെ കോട്ടയം നസീറിനുള്ള ഒരു കുറിപ്പായാണ് സംവിധായകന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

അനുകരണകലയിലൂടെ മലയാളികള്‍ക്ക് പരിചിതനായിട്ടുള്ള താങ്കള്‍ ഇപ്പോള്‍ തിരക്കഥ, സംവിധാന രംഗത്തേയ്ക്ക് കൂടി കടന്നിരിക്കുകയാണല്ലോ, സന്തോഷം. അനുകരണകലയിലേതു പോലെ ഈ രംഗത്തും താങ്കള്‍ക്ക് ശോഭിക്കുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ ‘കുട്ടിച്ചന്‍’ എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത്. പെയ്‌സ് ട്രസ്റ്റ് നിര്‍മ്മിച്ച് ഞാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ”അകത്തോ പുറത്തോ”എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗത്തിന്റെ ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. ഇത് പോലെ മുന്നോട്ടു പോവുന്നത് ശരിയായിരിക്കില്ല എന്ന് വിചാരിക്കുന്നു.എന്തായാലും അനുകരണകലയില്‍ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നു.

Top