കോട്ടയം: നാട്ടകം പോളിടെക്‌നിക് കോളേജില്‍ ക്രൂരമായി റാഗിങ്ങിനിരയായ ഒന്നാംവര്‍ഷം വിദ്യാര്‍ഥിയുടെ വൃക്ക തകര്‍ന്നു. ഇരിങ്ങാലക്കുട സ്വദേശി അവിനാശാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനെത്തുടര്‍ന്ന് ആശുപത്രിയിലായത്.
ഹോസ്റ്റലില്‍ വച്ച് നഗ്‌നനാക്കി ആറുമണിക്കൂറോളം വ്യായാമമുറകള്‍ ചെയ്യിച്ചശേഷം വിഷം കലര്‍ന്ന മദ്യം കുടിപ്പിക്കുകയായിരുന്നു. മദ്യത്തിലെ വിഷാംശമാണ് വൃക്ക തകരാറിലാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കോളജ് അധികൃതരുടെ പരാതിയില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ അഭിലാഷ്, മനു, രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ നിധിന്‍, പ്രവീണ്‍, ശരണ്‍, ജെറിന്‍, ജയപ്രകാശ് എന്നിവര്‍ക്കെതിരെ റാഗിങ് നിരോധന നിയമപ്രകാരം ചിങ്ങവനം പൊലീസ് കേസെടുത്തു.
ആരോപണ വിധേയരായ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി പോളിടെക്‌നിക് കോളേജ് അധികൃതര്‍ അറിയിച്ചു.
ഒന്നാം വര്‍ഷ മെക്കാനിക്കല്‍ ഡിപ്ലോമാ കോഴ്‌സിനായി ഓഗസ്റ്റിലാണ് എറണാകുളം സ്വദേശിയായ പതിനേഴുകാരന്‍ പോളിടെക്‌നിക് കോളേജില്‍ എത്തിയത്.
രണ്ടിന് അര്‍ധരാത്രിയോടെ ഹോസ്റ്റല്‍ മുറിയില്‍ എത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ മറ്റൊരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നെന്നു വിദ്യാര്‍ഥി പൊലീസിനു മൊഴി നല്‍കി.
ഈ മുറിയില്‍ ഒന്നിലധികം ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ പൂര്‍ണ നഗ്‌നരാക്കി നിര്‍ത്തിയിരുന്നു. സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വസ്ത്രം അഴിപ്പിച്ചശേഷം അന്‍പത് പുഷ്അപ് എടുക്കാന്‍ നിര്‍ബന്ധിച്ചു.
പുഷ്അപ് എടുക്കുന്നതിനിടെ പല തവണ കുഴഞ്ഞു വീണെങ്കിലും റാഗിങ് തുടര്‍ന്നു. പുഷ്അപ് പൂര്‍ത്തിയാക്കിയ ശേഷം നൂറു തവണ സിറ്റ്അപ് എടുപ്പിച്ചു.
പിന്നീട് ശുചിമുറിയില്‍ എത്തിച്ചശേഷം തലയിലൂടെ അരമണിക്കൂറിലേറെ തണുത്ത വെള്ളം ഒഴിച്ചതായും വിദ്യാര്‍ഥി പൊലീസിനു മൊഴി നല്‍കി.
ശരീരത്തിന്റെ പല ഭാഗത്തും വേദന അനുഭവപ്പെട്ടതോടെ പിറ്റേന്ന് രാവിലെ തന്നെ വിദ്യാര്‍ഥി വീട്ടിലേക്കു മടങ്ങി. വീട്ടുകാരോടൊപ്പം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് ആന്തരിക അവയവങ്ങള്‍ക്കു ഗുരുതരമായി പരുക്കേറ്റിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
റാഗിങ്ങിനു വിധേയനായ വിദ്യാര്‍ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചേരാനെല്ലൂര്‍ പൊലീസാണ് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തത്.
പിന്നീട് കേസ് ചിങ്ങവനം പൊലീസിനു കൈമാറി. തുടര്‍ന്നു കോളേജ് അധികൃതരുടെ പരാതിയും വിദ്യാര്‍ഥിയുടെ മൊഴിയും എടുത്തശേഷം എസ്‌ഐ എം.എസ്.ഷിബു സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.