കോട്ടയത്ത് സ്ഥിതി സങ്കീര്‍ണമാകുന്നു; ചങ്ങനാശ്ശേരി ചന്ത ക്ലസ്റ്ററായി പ്രഖ്യാപിച്ചു

കോട്ടയം: സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപിക്കുന്ന കോട്ടയം ചങ്ങനാശ്ശേരിയില്‍ സ്ഥിതി സങ്കീര്‍ണമാകുന്നു. ഇന്ന് 20 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചങ്ങനാശ്ശേരി ചന്ത പുതിയ ക്ലസ്റ്ററായി പ്രഖ്യാപിച്ചു.

ഇവിടെ മാത്രം 24 പേരാണ് ഇതുവരെ രോഗബാധിതരായത്. ജില്ലയില്‍ ഇന്ന് 46 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ഇതില്‍ 36 പേരും സമ്പര്‍ക്കത്തിലൂടെ രോഗികളായവരാണ്.

ചങ്ങനാശ്ശേരി ചന്തയില്‍ ആരോഗ്യ വകുപ്പ് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 20 പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയത്. പാല മുന്‍സിപ്പല്‍ ഓഫീസിലെ ജീവനക്കാരനും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ മുന്‍സിപ്പാലിറ്റിയിലെ എഞ്ചിനിയറിംഗ് വിഭാഗം അടച്ചു. കോട്ടയത്ത് പത്ര സ്ഥാപനത്തിലെ സര്‍ക്കുലേഷന്‍ വിഭാഗത്തിലെ താത്കാലിക ജീവനക്കാരനും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്.

Top