കോട്ടയം: കൊറോണ വൈറസ് ആഗോളസമ്പദ് വ്യവസ്ഥയെ വരെ തകിടം മറിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. മാര്‍ക്കറ്റ് നിശ്ചലമായതോടെ ഇപ്പോഴിതാ റബ്ബര്‍ വിപണിയില്‍ ഒരാഴ്ചത്തെ നഷ്ടം 400 കോടി രൂപയാണ്. 4500 വ്യാപാരികളുടെ ചരക്കാണ് ഇപ്പോള്‍ കെട്ടിക്കിടക്കുന്നത്. ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുത്ത് വ്യാപാരികള്‍ കച്ചവടം നടത്തുന്നതിനാല്‍ ഇതിന്റെ പലിശയിനത്തിലും വലിയ നഷ്ടമാണ് ഉണ്ടാവുന്നത്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ടയര്‍ കമ്പനികള്‍ ചരക്കെടുപ്പ് നിര്‍ത്തിവെച്ചിട്ട് രണ്ടാഴ്ച പിന്നിടുകയുംചെയ്തു. ചരക്കും ഭൂമിയും ഈടുവെച്ചാണ് വ്യാപാരികള്‍ക്ക് ഓവര്‍ഡ്രാഫ്റ്റ് തുക അനുവദിക്കുന്നത്. ചരക്ക് വിറ്റുകിട്ടുന്ന പണം തവണകളായി അടച്ചുതീര്‍ക്കാം. വ്യാപാരം മുടങ്ങിയതോടെ തിരിച്ചടവും മുടങ്ങിയിരിക്കുകയാണ്.
വില മെച്ചപ്പെട്ടുവന്നതിനാല്‍ റബ്ബറെടുത്തത് ചെറുകിടക്കാര്‍മുതലുള്ള വ്യാപാരികളുടെ ഗോഡൗണില്‍ കിടക്കുകയാണ്. ശരാശരി 50 ടണ്‍വരെ ഓരോ വ്യാപാരിയും എടുത്തുവെച്ചിട്ടുണ്ട്. വ്യാപാരം അടച്ചെങ്കിലും മേഖലയില്‍ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഇപ്പോഴും താമസിക്കുന്നുണ്ട്. അവരുടെ ചെലവടക്കം മിനിമംകൂലി നല്‍കേണ്ടതുണ്ട്.ഇപ്പോഴും ടാപ്പിങ്ങ് തുടരുന്ന കൃഷിക്കാരും പ്രശ്‌നത്തിലാണ്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കെട്ടിക്കിടക്കുന്ന ഈ ചരക്കുകൂടി ഒന്നിച്ച് വിപണിയിലെത്തുമ്പോള്‍ വില താഴുമോയെന്ന ആശങ്കയിലാണ് വ്യാപാരികള്‍.