കൊട്ടിയം കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് കഴിഞ്ഞ ദിവസം കേസ് ഡയറി ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് പരിശോധിച്ചുവരികയാണ്.

പള്ളിമുക്ക് സ്വദേശി ഹാരിസ് മുഹമ്മദാണ് കേസിലെ പ്രതി. ഇയാളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ആരോപണവിധേയരായ ഹാരിസിന്റെ മാതാപിതാക്കള്‍, സഹോദരന്‍, സഹോദരന്റെ ഭാര്യയായ സീരിയല്‍ നടി എന്നിവരെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യും. ലോക്കല്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും ക്രൈംബ്രാഞ്ച് പരിശോധിക്കും.

സെപ്റ്റംബര്‍ മൂന്നിന് വ്യാഴാഴ്ചയാണ് കൊട്ടിയം സ്വദേശിയായ റംസി തൂങ്ങിമരിച്ചത്. ഹാരിസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെങ്കിലും മറ്റൊരു വിവാഹാലോചന വന്നപ്പോള്‍ ഹാരിസ് റംസിയെ ഒഴിവാക്കാന്‍ ശ്രമിക്കുകയും അതില്‍ മനംനൊന്ത് റംസി ആത്മഹത്യ ചെയ്യുകയുമായിരുന്നു.

Top