കൊല്ലം; കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍. ആത്മഹത്യയില്‍ ഹാരിസിന്റെ ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചത്.
പ്രതികള്‍ക്കെതിരെ ശക്തമായ ജനരോഷം ഉള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന വാദത്തോട് ഇത് ജാമ്യം നിഷേധിക്കാനുള്ള മതിയായ കാരണമല്ലെന്നായിരുന്നു കോടതി നിരീക്ഷണം. കേസില്‍ വെള്ളിയാഴ്ച വിധി പറയും. റിമാന്‍ഡിലുള്ള പ്രതി ഹാരിസിനെ ക്രൈംബ്രാഞ്ച് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.
ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനും പ്രതി ചേര്‍ക്കപ്പെട്ടവരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി രക്ഷിക്കാനും ശ്രമം നടക്കുന്നതായി റംസിയുടെ കുടുംബം ആരോപണം ഉയര്‍ത്തിരുന്നു. തുടര്‍ന്ന് ആദ്യം സിഐമാരുടെ നേതൃത്വത്തിലെ സംഘവും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പത്തനംതിട്ട എസ്പി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറിയിരുന്നു.