കൊട്ടിയം കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്

കൊല്ലം: കൊട്ടിയത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്. പ്രതിക്കെതിരെ മുന്‍കാല പ്രാബല്യത്തോടെ പോക്സോ ചുമത്തണമെന്നു ആവശ്യപ്പെട്ട് കൊണ്ട് പിതാവ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സംഭവത്തില്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നേരത്തെ തന്നെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു. എന്നാല്‍ ഇവരുടെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ കുടുംബത്തെ പൂര്‍ണ്ണമായും പ്രതി ചേര്‍ക്കണം.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പായിരുന്നു കുട്ടിയെ ഇയാള്‍ ചൂഷണം ചെയ്തത്. അതിനാല്‍ പോക്സോ വകുപ്പു ചുമത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു. പെണ്‍കുട്ടിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ഹാരിസ് വാങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പണം തട്ടിയെടുക്കുക എന്ന ആവശ്യത്തോടെയാണ് കുട്ടിയുമായി പ്രണയം സ്ഥാപിച്ചത്. ഇത്തരത്തില്‍ പണം തട്ടിയെടുത്തതിനും കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

Top