കൊട്ടിയത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യ; പ്രതിയെ പൊലീസ് ഇതുവരെ കസ്റ്റഡിയില്‍ വാങ്ങിയില്ലെന്ന് പരാതി

കൊട്ടിയം: വിവാഹം ഉറപ്പിച്ചശേഷം വരന്‍ പിന്മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. റിമാന്‍ഡില്‍ കഴിയുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുക്കുന്ന കാര്യത്തില്‍ മെല്ലെപ്പോക്ക് നയമാണ് പോലീസ് സ്വീകരിക്കുന്നത്. മരിച്ച യുവതിയുമായി കേരളത്തിനകത്തും പുറത്തുമായി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോയിട്ടുള്ളതായി വിവരമുണ്ടായിട്ടും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ഇവിടങ്ങളില്‍ പോയി തെളിവുകള്‍ ശേഖരിക്കാന്‍ നടപടികള്‍ ഉണ്ടായിട്ടില്ല.

യുവതി ആത്മഹത്യചെയ്യാനിടയാക്കിയതിനെക്കുറിച്ചുള്ള വ്യക്തമായ തെളിവുകള്‍ പോലീസിന് നല്‍കിയിട്ടും വിവാഹത്തില്‍നിന്ന് പിന്മാറിയ പള്ളിമുക്ക് സ്വദേശി ഹാരിഷ് മുഹമ്മദിനെ മാത്രമാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നിവേദനം നല്‍കി.

പത്തുവര്‍ഷം നീണ്ട പ്രണയത്തിനിടെ ഇരുവീട്ടുകാരും ചേര്‍ന്ന് വളയിടീല്‍ ചടങ്ങുവരെ നടത്തി വിവാഹം ഉറപ്പിച്ചിരുന്നു. ഗര്‍ഭിണിയായതോടെ മൂന്നാംമാസം വരനും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ഗര്‍ഭഛിദ്രവും നടത്തുകയും ചെയ്തു. പള്ളിമുക്കില്‍ ആരംഭിച്ച സ്ഥാപനത്തിന്റെ പേരില്‍ നിരവധി തവണ യുവാവ് സ്വര്‍ണവും പണവും കൈപ്പറ്റിയിരുന്നു. പല കാരണങ്ങള്‍ പറഞ്ഞ് വിവാഹം നീട്ടിക്കൊണ്ടുപോയശേഷം ഒടുവില്‍ വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നു. ഇതില്‍ മനംനൊന്താണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. മരിക്കുന്നതിന് മുന്‍പ് യുവതി വരനുമായും ഇയാളുടെ അമ്മയുമായും നടത്തിയ ഫോണ്‍ സംഭാഷണവും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി.

അതേസമയം, യുവതിയുടെ ആത്മഹത്യയില്‍ തെളിവുകളെല്ലാം ലഭിച്ചതിനു ശേഷം മാത്രമേ പ്രതിയുടെ കുടുംബാംഗങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനാവൂ എന്നാണ് കൊട്ടിയം സി.ഐ.യുടെ പ്രതികരണം. പ്രതിയെ ഉടന്‍തന്നെ കസ്റ്റഡിയില്‍ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണസംഘത്തിലുള്ള കൊട്ടിയം സി.ഐ. അടക്കമുള്ള ചില പോലീസ് ഉദ്യോഗസ്ഥര്‍ നിലവില്‍ ക്വാറന്റീനില്‍ കഴിയുന്നതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.

Top