തിരുവനന്തപുരം: വയനാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പോള്‍ തേരകനെ തല്‍സ്ഥാനത്തു നിന്ന് മാറ്റുമെന്നു ആരോഗ്യ ശിശുക്ഷേമ മന്ത്രി കെ.കെ ഷൈലജ.
കൂടാതെ ശിശുക്ഷേമ സമിതി അംഗമായ കന്യാസ്ത്രീയെയും ഒഴിവാക്കുമെന്നു മന്ത്രി വ്യക്തമാക്കി.സമിതിയുടെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പ്രായം വ്യാജരേഖ ചമച്ച് തിരുത്തിയെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇരുവരെയും മാറ്റാന്‍ തീരുമാനിച്ചത്.
ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് സമൂഹ്യനീതി ഡയറക്ടറുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുകയും ചെയ്തു. സമിതി വിശദമായ അന്വേഷണം നടത്തി, തുടര്‍ നടപടികള്‍ സ്വീകരിക്കും. മറ്റു ചില ജില്ലകളിലെ ശിശുക്ഷേമ സമിതികളെ കുറിച്ചും ആരോപണം ഉയരുന്ന സാഹചര്യത്തില്‍ അവയെ കുറിച്ചും അന്വേഷണം നടത്തുമെന്നും മന്ത്രി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നു പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ ശിശുക്ഷേമ സമിതി വന്‍ വീഴ്ച വരുത്തിയതായി പൊലീസ് കണ്ടെത്തി.
പെണ്‍കുട്ടിയുടെ പ്രായം തിരുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രായം 16 എന്നതിനു പകരം, 18 എന്നു തിരുത്തിയാണ് പെണ്‍കുട്ടിയെ ഏറ്റെടുത്തപ്പോള്‍ രജിസ്റ്ററില്‍ ചേര്‍ത്തതെന്നു പറയപ്പെടുന്നു.
ഇതു ബാലാവകാശ നിയമത്തിന്റെ ലംഘനമാണെന്നും പൊലീസ് പറയുന്നു. ഇക്കാര്യത്തില്‍ വ്യാജരേഖ കെട്ടി ചമച്ച് പ്രായം തിരുത്തിയതിനു ശിശുക്ഷേമ സമിതിക്കെതിരെയും കേസെടുത്തേക്കും.