കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ന് നിര്‍ണായക വിധി

കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസില്‍ വിധി ഇന്ന്. കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരിയാണ് കേസില്‍ ഒന്നാം പ്രതി.

വിചാരണക്കിടെ പെണ്‍കുട്ടിയും മാതാപിതാക്കളും കൂറുമാറിയതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ ആണ് നിര്‍ണായകം. പള്ളി വികാരിയായിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കി എന്നാണ് കേസ്.
പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കടത്താനും കേസ് ഒതുക്കാനും ശ്രമിച്ചവരും കേസില്‍ പ്രതികളായി.

വൈദികനെയും, കുഞ്ഞിനെ ഒളിപ്പിക്കാന്‍ ശ്രമിച്ച വയനാട് ശിശുക്ഷേമ സമിതിയിലെയും അനാഥലയത്തിലെയും കന്യാസ്ത്രീകളെയും, രക്ഷിക്കാന്‍ പ്രതിഭാഗം എല്ലാ ശ്രമങ്ങളും നടത്തിയ കേസിലാണ് ഇന്ന് വിധി പ്രഖ്യാപിക്കുക.

അതേസമയം വിചാരണക്കിടെ ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂര്‍ത്തി ആയതാണെന്നും കോടതിയില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു. റോബിന്‍ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു. കേസിലെ പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാട് എടുത്തിരുന്നു.

കൂറ്മാറ്റം പോക്‌സോ കേസിനെ ബാധിക്കില്ല എന്നാണ് വിലയിരുത്തല്‍. എന്നാല്‍, വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകം അടക്കം ബാക്കി 6 പ്രതികളുടെ കുറ്റം തെളിയിക്കല്‍ പ്രോസിക്യുഷനു നിര്‍ണായകമാണ്.

കേസില്‍ നിന്നൊഴിവാക്കാന്‍ ഇവര്‍ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും വിചാരണ നേരിടാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രസവിച്ച ക്രിസ്തുരാജ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റര്‍ അടക്കം മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.

3,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് ഒരു വര്‍ഷമെത്തും മുന്‍പ് തലശ്ശേരി പോക്‌സോ കോടതി വിധി പ്രഖ്യാപിക്കുന്നത്.

Top