kottiyur rape case

പേരാവൂര്‍: കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് ഫാ.തേരകം അടക്കം മൂന്ന് പ്രതികള്‍ കീഴടങ്ങി.

വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ.തോമസ് ജോസഫ് തേരകവും സമിതി മുന്‍ അംഗവും കല്‍പറ്റ ഫാത്തിമ മാതാ ഹോസ്പറ്റലിലെ ശിശുരോഗ വിദഗ്ദ്ധയുമായ ഡോ. സിസ്റ്റര്‍ ബെറ്റി, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരീസ് ഗേള്‍സ് ഹോം അഡോപ്ഷന്‍ സെന്റര്‍ സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവരാണ് കീഴടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനായ പേരാവുര്‍ സിഐ സുനില്‍ കുമാറിന്റെ മുന്നിലാണ് മൂവരും രാവിലെ ആറരയോടെ ഹാജരായത്.

ഫാ. തോമസ് തേരകം ഉള്‍പ്പെടെ നാലു പ്രതികളോട് അഞ്ചുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി ചൊവ്വാഴ്ച നിര്‍ദേശിച്ചിരുന്നു. ഹാജരാകുന്ന അന്നു തന്നെ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഫാ. തോമസ് തേരകത്തിനു പുറമേ സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ബെറ്റി ജോസ്, തങ്കമ്മ എന്നിവരോടാണ് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.

മാതൃവേദി അംഗമായ തങ്കമ്മ നെല്ലിയാനി കീഴടങ്ങാനുണ്ട്. ഇവിടത്തെ സഹായിയാണ് തങ്കമ്മ. കുഞ്ഞിനെ കൊണ്ടുവന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ യഥാസമയം ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നും മറ്റുമാണ് ഇവരുടെ പേരിലുള്ള കുറ്റാരോപണം.

Top