കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; രണ്ടു പ്രതികളും കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.  പ്രതികളായ തിരുവനന്തപുരം വാഴമുട്ടം സ്വദേശികളായ ഉദയൻ, ഉമേഷ് എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. പ്രതികൾക്കെതിരായ ബലാത്സംഗം, കൊലപാതകം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.

രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട കേസിൽ കൊലപാതകം നടന്ന് നാലര വർഷമാകുമ്പോഴാണ് വിധി. പോത്തൻകോട്ടെ ആയൂർവേദ കേന്ദ്രത്തിൽ സഹോദരിക്കൊപ്പം ചികിത്സക്കെത്തിയ നാൽപ്പതുകാരിയായ ലാത്വിയൻ യുവതിയാണ് കൊല്ലപ്പെട്ടത്. 2018 മാർച്ച് 14ന് കാണാതായ യുവതിയുടെ മൃതദേഹം ഏപ്രിൽ 20ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കോവളത്തെത്തിയ യുവതിയെ പനത്തുറ സ്വദേശികളും ലഹരി സംഘാംഗങ്ങളുമായ ഉമേഷും ഉദയനും ചേർന്ന് ടൂറിസ്റ്റ് ഗെഡെന്ന വ്യാജേനെ കണ്ടൽക്കാട്ടിലെത്തിച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 18 സാഹചര്യത്തെളിവുകളും 30 സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.

Top