സംസ്ഥാനത്ത് 7789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 7082 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 7789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6,486 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 23 മരണം സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 1,049 കേസുകള്‍. 7082 പേര്‍ ഇന്ന് രോഗമുക്തി നേടി. 94517 പേര്‍ ചികിത്സയില്‍. 128 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. ഇതുവരെ ആകെ രോഗം ബാധിച്ച് 1066 പേര്‍ മരിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 94517 പേരാണ്. 50154 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു. എറണാകുളം കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗബാധ. കോഴിക്കോട്ട് 1246 ഉം എറണാകുളത്ത് 1209 ഉം പേര്‍ക്കാണ് രോഗബാധയുണ്ടായത്.

ഇന്നലെ വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 3,10,140 കേസുകളാണ്. 93,837 ആക്ടീവ് കേസുകളുണ്ട്. 2,15,149 പേര്‍ രോഗമുക്തി നേടി. 1067 പേര്‍ മരിച്ചു. കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്ത് ലക്ഷത്തില്‍ 8911 കേസുകള്‍ എന്ന നിലയ്ക്ക് സംസ്ഥാനത്തുണ്ട്. ദേശീയ ശരാശരി 6974 ആണ്. ടെസ്റ്റുകള്‍ നമ്മള്‍ കൂട്ടി. കേരളത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ 1,07,820 ആണ്. ഇന്ത്യയില്‍ അത് 86,792 മാത്രമാണ്. രോഗവ്യാപനം കൂടിയെങ്കിലും മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കേരളത്തില്‍ വളരെ കുറവാണ്. ദേശീയതലത്തില്‍ മരണനിരക്ക് 1.6 ശതമാനമാണ്. കേരളത്തില്‍ 0.34 ശതമാനം മാത്രമാണ്. രാജ്യത്ത് 10 ലക്ഷത്തില്‍ 106 പേര്‍ മരണപ്പെട്ടപ്പോള്‍ കേരളത്തിലത് 31 മാത്രമാണ്.

Top