തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോത് കുറയുന്നു. ടി.പി.ആര്‍. ഒരുമാസത്തിനു ശേഷം 35ന് താഴെ എത്തി. എന്നാല്‍ 200 ഓളം പ്രതിദിന മരണങ്ങള്‍ ആശങ്കയാണ്. ഇന്നലെ 38684 ആയിരുന്നു കോവിഡ് രോഗികളുടെ എണ്ണം. ടി പി ആര്‍ 32.1. ആഴ്ചകള്‍ക്ക് ശേഷമാണ് രോഗികളുടെ എണ്ണം 40000 ത്തിന് താഴെയും ടി പി ആര്‍ 40നു താഴെയും എത്തുന്നത്.
ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ ജനുവരി 28 ന് ശേഷം ഫെബ്രുവരി മൂന്ന് വരെ രോഗ വ്യാപന നിരക്ക് 10 ശതമാനമായി കുറഞ്ഞു. സി കാറ്റഗറിയില്‍ പെടുത്തി കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ രോഗ വ്യാപന നിരക്ക് കാര്യമായി കുറഞ്ഞു.
ഇളവുകള്‍ നിലവില്‍ വന്ന ഈ ജില്ലകളില്‍ തിയേറ്ററുകളും ജിംനേഷ്യങ്ങളും തുറന്നു. രോഗവ്യാപനനിരക്ക് കുറഞ്ഞെങ്കിലും മരണ നിരക്ക് ഉയരുകയാണ്. മൂന്നാം തരംഗത്തിലെ മരണ നിരക്ക് ഇന്നലെ ഏറ്റവും ഉയര്‍ന്ന കണക്കില്‍ എത്തി. 24 മണിക്കൂറിലെ 28 മരണവും രേഖകള്‍ ഹാജരാക്കിയ 197 മരണവും ഉള്‍പ്പെടെ 225 മരണമാണ് ഒറ്റ ദിവസം സ്ഥിരീകരിച്ചത്. ജനുവരിയില്‍ മാത്രം ആയിരത്തി അഞ്ഞൂറോളം പേര്‍ മരണത്തിനു കീഴടങ്ങി.
മരണങ്ങളുടെ കാരണം വിശദമായി പഠിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലം കണ്ടിട്ടില്ല.