24 സന്യാസിമാർക്കു കൂടി കൊവിഡ്: കുംഭമേളയിൽ പ്രതിസന്ധി തുടരുന്നു

ഹരിദ്വാർ: കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്കുകൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച സന്യാസിമാരുടെ എണ്ണം 54 ആയി. ഇവർ ഉൾപ്പെടെ കുംഭമേളയിൽ പങ്കെടുത്ത 1800 ഓളം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മേളയിൽ പങ്കെടുത്ത മുതിർന്ന സന്യാസി കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.

ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന കുംഭമേള മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഉത്തരാഖണ്ഡ് സർക്കാർ ഇക്കാര്യം പരിഗണിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഓൾ ഇന്ത്യ അഖാഡ പരിഷത്ത് അധിപൻ മഹാന്ദ് നരേന്ദ്ര ഗിരിക്ക് ഇന്ന് കൊവിഡ് സ്ഥിതീകരിച്ചു. 6 ദിവസത്തിനിടെയാണ് കുംഭമേളയിൽ പങ്കെടുത്ത 1800ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുംഭമേള നടക്കുന്നത്. കുംഭമേളയിൽ പങ്കെടുക്കുന്ന 13 വിഭാഗങ്ങളിൽ രണ്ട് വിഭാഗങ്ങൾ മേള നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു. കൊവിഡ് ശക്തമായ സാഹചര്യത്തിലാണ് ആവശ്യം ഉന്നയിച്ചതെങ്കിലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത്സിങ്ങ് റാവത്ത് ഇതിന് വഴങ്ങിയിട്ടില്ല. മാസ്കും സാമൂഹ്യ അകലവും അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മേള പുരോഗമിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.

Top