ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വാക്‌സിന്‍ നല്‍കാമെന്നുള്ള കാര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് ഉപകാരപ്രദമാണ്. അവര്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തില്‍ ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ അറിയിച്ചു.
കുട്ടികളില്‍ വാക്‌സിന്‍ ഫലപ്രദമാണോ എന്നതില്‍ ഇനിയും ചര്‍ച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു.ഇതുവരെ ഒരു രാജ്യം മാത്രമാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. തീരെ ചെറിയ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കണമോയെന്നത് ചോദ്യമാണ്. മതിയായ വിവരങ്ങള്‍ ലഭ്യമാകുന്നതുവരെ കുട്ടികള്‍ക്ക് വ്യാപകമായി വാക്‌സിന്‍ നല്‍കാന്‍ കഴിയില്ല.
രണ്ട് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവരില്‍ ഞങ്ങള്‍ പഠനം തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം സെപ്റ്റംബറോടെ ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡോ. ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.