ഖത്തറില്‍ അതിതീവ്ര കൊവിഡ് രോഗബാധ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി

ദോഹ: ഖത്തറില്‍ ഇപ്പോഴുണ്ടായിരിക്കുന്ന കൊവിഡ് വ്യാപനത്തിലെ വര്‍ധനവിന് കാരണം ബ്രിട്ടനില്‍ കണ്ടെത്തിയ ബി.1.1.7 എന്ന വൈറസിന്റെ പുതിയ വകഭേദത്തിന്റെ സാന്നിധ്യമാണെന്ന് ആരോഗ്യമന്ത്രാലയം. നേരത്തേയുള്ളതിനെ അപേക്ഷിച്ച് കൂടുതല്‍ വ്യാപന ശേഷിയുള്ളതാണ് പുതിയ വൈറസ്. ഖത്തറില്‍ കൊവിഡ് വ്യാപനത്തിന്റെ തോത് വലിയ പരിധി വരെ പിടിച്ചുനിര്‍ത്താനായത് ഭരണകൂടം നടപ്പിലാക്കിയ ശക്തമായ ക്വാറന്റൈന്‍ നടപടികള്‍ കാരണമായിരുന്നു.

വിദേശത്തുനിന്നുള്ള പുതിയ വൈറസിനെ ഇത്രയും കാലം തടഞ്ഞുനിര്‍ത്താനും അതിലൂടെ സാധിച്ചു. എന്നാല്‍ അടുത്ത ദിവസങ്ങളിലായി ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് രാജ്യത്തെത്തി കഴിഞ്ഞതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്നും ദേശീയ ആരോഗ്യ നയരൂപീകരണ സമിതി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ കഹല്‍ വ്യക്തമാക്കി.

കൊവിഡ് വൈറസിന്റെ പുതിയ വകഭേദത്തെ ചെറുക്കാന്‍ ഖത്തര്‍ നിലവില്‍ നല്‍കുന്ന ഫൈസര്‍ ബയോഎന്‍ടെക്, മൊഡേണ എന്നീ വാക്സിനുകള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയത് ആശ്വാസകരമാണ്. രാജ്യത്ത് ഇതിനകം 3,80,000 ഡോസ് കൊവിഡ് വാക്സിന്‍ വിതരണം ചെയ്തുകഴിഞ്ഞു.

പ്രതിദിനം 15,000 ഡോസ് വാക്സിനുകളാണ് ഇപ്പോള്‍ നല്‍കിവരുുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജനസംഖ്യയില്‍ 16 വയസ്സിനു മുകളിലുള്ള 12 ശതമാനം ആളുകള്‍ നിലവില്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ അധ്യാപകരില്‍ 45 ശതമാനം പേരും ഇതിനകം വാക്‌സിന്‍ സ്വീകരിച്ചതായും അല്‍ കഹല്‍ പറഞ്ഞു.

 

Top