കൊവിന്‍ ആപ്പ്; വിവരങ്ങള്‍ സുരക്ഷിതമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ദില്ലി: കൊവിന്‍ ആപ്പ് വിവര ചോര്‍ച്ചയില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇപ്പോള്‍ പുറത്ത് വന്നത് മുന്‍ കാലങ്ങളില്‍ ചോര്‍ന്ന വിവരങ്ങളാണെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കൊവിന്‍ ആപ്പില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും വിവരങ്ങള്‍ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങള്‍ ചോര്‍ന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിനോടാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. വിവര ചോര്‍ച്ച അതീവ ഗുരുതരമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്.

രാജ്യത്തെ പൗരന്മാര്‍ വാക്‌സീനേഷന്‍ സമയത്ത് നല്‍കിയ പേര്, ആധാര്‍, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകളുടെ വിശദവിവരങ്ങള്‍, ജനന വര്‍ഷം, വാക്‌സീനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് പുറത്തായത്. ഹാക്ക് ഫോര്‍ ലേണ്‍ എന്ന ടെലഗ്രാം ബോട്ടിലൂടെയാണ് വിവരങ്ങള്‍ ചോര്‍ന്നത്.

വ്യക്തികളുടെ ഫോണ്‍ നമ്പറോ ആധാര്‍ നമ്പറോ നല്‍കിയാല്‍ ഒറ്റയടിക്ക് മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന നിലയിലാണ് രേഖകള്‍ ചോര്‍ന്നത്. രാജ്യത്തെവിടെയിരുന്നും വിവരങ്ങള്‍ ചോര്‍ത്താവുന്ന സ്ഥിതിയാണ്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും, പ്രതിപക്ഷ നേതാക്കളുടെയും വിവരങ്ങള്‍ ഈ രീതിയില്‍ ലഭ്യമായതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കൊവിന്‍ പോര്‍ട്ടലില്‍ ഫോണ്‍ നമ്പറും ഒടിപിയും നല്‍കിയാല്‍ മാത്രം ലഭ്യമാകുന്ന വിവരങ്ങള്‍ എങ്ങനെ ടെലഗ്രാമിലെത്തിയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ദേശസുരക്ഷയെ പോലും അപകടത്തിലാക്കുന്ന വിധത്തിലുള്ള വിവര ചോര്‍ച്ചയെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. കൊവിന്‍ ആപ്പിന്റെ മേല്‍നോട്ടം ആരോഗ്യമന്ത്രാലയത്തിനും, ഐടി മന്ത്രാലയത്തിനുമാണ്.

വിവര സുരക്ഷയില്‍ നേരത്തെയും കൊവിന്‍ ആപ്പിനെതിരെ പരാതികളുയര്‍ന്നിരുന്നു. അന്നൊക്കെ പ്രതിപക്ഷ ആരോപണമെന്ന് നിസാരവത്ക്കരിച്ച് കേന്ദ്രം അത് തള്ളുകയായിരുന്നു. അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. വിവര ചോര്‍ച്ച സ്വകാര്യതയുടെ ലംഘനമാണെന്നും, കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു. അതേ സമയം വാര്‍ത്തകള്‍ക്ക് പുറത്ത് വന്നതോടെ ടെലഗ്രാം ബോട്ടിലൂടെ ഇപ്പോള്‍ വിവരങ്ങള്‍ ലഭ്യമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Top