കോഴിക്കോട്: നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ മൃഗീയ കൊലപാതകം കേരളമൊട്ടാകെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ എന്തൊക്കെ ചെയ്യാമെന്നത് ചര്‍ച്ചകളില്‍ സജീവമാണ്. സ്ത്രീ ശാക്തീകരണമാണ് പലരും ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്നോട്ടുവെക്കുന്ന അഭിപ്രായം. എന്നാല്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായരുടെ ഇക്കാര്യത്തിലുള്ള വളരെ രസകരമായ പോസ്റ്റ് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു.
കേരളത്തിലെ പെണ്‍കുട്ടികള്‍ക്കൊക്കെ കരാട്ടെയും കളരിയും പഠിപ്പിക്കുന്നത് നല്ലത് തന്നെ. പക്ഷെ ആണ്‍കുട്ടികളെ മര്യാദ പഠിപ്പിക്കലാണ് ശരിക്ക് ചെയ്യേണ്ടത്. എന്നായിരുന്നു കളക്ടറുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.
ജിഷ സംഭവവുമായി ബന്ധപ്പെട്ട് കളക്ടര്‍ പ്രശാന്ത് നായരുടെ രണ്ടാമത്തെ പോസ്റ്റാണിത്. സ്ത്രീയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനോ (പുരുഷന്‍മാരുമായി) ഇടപഴകാനോ സ്വാതന്ത്ര്യമില്ലാത്ത നാട്ടില്‍ സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായി അവളുടെ ശരീരം ആക്രമിക്കപ്പെടുന്നതില്‍ അത്ഭുതമില്ല എന്നായിരുന്നു ആദ്യ പോസ്റ്റില്‍ കളക്ടര്‍ ബ്രോയുടെ പ്രതികരണം.
സാമൂഹിക പ്രസക്തമായ എല്ലാവിഷയങ്ങളിലും തന്റേതായ ശക്തമായ ഇടപെടലുകളിലൂടെയും അഭിപ്രായങ്ങളിലൂടെയും കേരളത്തിന്റെയാകെ ഇഷ്ടവ്യക്തിത്വങ്ങളില്‍ ഒന്നായി മാറിയ ആളാണ് പ്രശാന്ത് നായര്‍.