കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോഴിക്കോട് കോണ്‍ഗ്രസില്‍ ഡിസിസി പ്രസിഡന്റ് കെസി അബുവിന് എതിരെ പടയൊരുക്കം.
പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെസി അബുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തില്‍ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ പാര്‍ട്ടിയെ അനാഥമാക്കി താന്‍ പോകില്ലെന്നായിരുന്നു പോസ്റ്ററുകള്‍ പ്രത്യേക്ഷപ്പെട്ടതിനെ കുറിച്ച് കെ.സി അബുവിന്റെ പ്രതികരണം.
തുടര്‍ച്ചയായി മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും കോഴിക്കോട് ജില്ലയില്‍ നിന്നും ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പോലും വിജയിക്കാത്ത സാഹചര്യത്തിലാണ് ഡിസിസി പ്രസിഡന്റ് കെസി അബുവിന് എതിരായ നീക്കം.
സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ബേപ്പൂരിലും കുന്ദമംഗലത്തും കോണ്‍ഗ്രസിനെ ഒറ്റി കൊടുത്ത കെസി അബുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നു.
കെസി അബു സിപിഐഎമ്മിനായി വോട്ടു മറിച്ചതായും പോസ്റ്ററുകളില്‍ ആരോപിക്കുന്നു. എന്നാല്‍ തന്നെ പുറത്താക്കണമെന്ന ആവശ്യം സദുദ്ദേശത്തോടെയല്ലെന്നായിരുന്നു കെസി അബുവിന്റെ പ്രതികരണം.
അതേ സമയം ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യത്തിന് പിന്നില്‍ കെസി അബു നിലയുറപ്പിച്ചിരിക്കുന്ന എ ഗ്രൂപ്പിലെ തന്നെ ചിലരാണെന്നും സൂചനയുണ്ട്.