കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്യപ്പെട്ട ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് എസ് സി എസ് ടി കമ്മിഷന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഇന്ന് റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് നടക്കുന്ന പരാതി പരിഹാര അദാലത്തിലാണ് റിപ്പോർട്ട് നൽകുക. കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി വിശ്വനാഥന്റെ വീടും സന്ദർശിക്കും. കേസിൽ പൊലീസ് അന്വേഷണവും തുടരുകയാണ്.
സംഭവം കൊലപാതകമെന്ന് കുടുംബം ആരോപിച്ചിരുന്നു. സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. ആൾക്കൂട്ട മർദ്ദനം നടന്നതിന് പ്രാഥമിക തെളിവുകൾ ഇല്ലെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ വിശ്വനാഥന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.