കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ഫുഡ് ഹബ് കോഴിക്കോട് വരുന്നു. 90 തെരുവ് കച്ചവടക്കാരെ അണിനിരത്തി കോഴിക്കോട് ബീച്ചില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും തുറമുഖ വകുപ്പിന്റേയും സഹകരണത്തോടെ നഗരസഭയാണ് പദ്ധതി നടപ്പാക്കുന്നത്.
കോഴിക്കോടിന്റെ സ്വന്തം ഐസ് ഒരച്ചതും ഉപ്പിലിട്ടതുമെല്ലാം വൃത്തിയോടെയാകുമോ ഉണ്ടാക്കുന്നത് എന്ന സംശയം ഇനി ആര്‍ക്കും വേണ്ട. സംസ്ഥാനത്തെ ആദ്യ ഫുഡ് ഹബ് കോഴിക്കോട് ബീച്ചില്‍ വരുന്നതോടെ വൃത്തിയുടെ കാര്യത്തില്‍ ഇവിടുത്തെ കടകള്‍ നമ്പര്‍ വണ്ണാകും. വൃത്തിയും ഗുണനിലവാരവുമുള്ള തെരുവ് ഭക്ഷണം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കച്ചവടം ചെയ്യുന്നതിനുള്ള ലൈസന്‍സിന് കോര്‍പ്പറേഷനില്‍ എണ്ണായിരം രൂപ അടയ്‌ക്കേണ്ടി വരും. മാത്രമല്ല തുറമുഖ വകുപ്പിന്റെ സ്ഥലമായതിനാല്‍ 1200 രൂപ ജിഎസ്ടി ഇനത്തില്‍ അവര്‍ക്ക് നല്‍കേണ്ടതായും വരും.