കോഴിക്കോട് : എം.പി യോട് ‘ഏറ്റുമുട്ടി’ പരാജയപ്പെട്ട് മാപ്പ് പറയേണ്ടിവന്ന കളക്ടര്‍ പ്രശാന്ത് മുഖം മിനുക്കാന്‍ നടപടി തുടങ്ങി.
സുരക്ഷാ സംവിധാനമില്ലാതെ കെട്ടിപ്പൊക്കിയ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് മാളുകള്‍, ഫ്‌ളാറ്റുകള്‍ അടക്കമുള്ളവ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി.
ഏറെ വിവാദമുണ്ടാക്കാന്‍ സാധ്യതയുള്ളതും ജനങ്ങളുടെ കയ്യടി കിട്ടാന്‍ വഴി ഒരുക്കുന്നതുമായ നടപടി പെട്ടെന്ന് തന്നെ കളക്ടറുടെ ഭാഗത്ത് നിന്നുണ്ടായത് കളക്ടറേറ്റിലെ ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
തീ പിടുത്തമുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എടുക്കാത്ത കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനാവില്ലെന്ന കര്‍ശന നടപടി മുന്‍പ് ഫയര്‍ ഫോഴ്‌സ് മേധാവിയായിരിക്കെ ഡി.ജി.പി ജേക്കബ് തോമസ് സ്വീകരിച്ചത് സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു. ജേക്കബ് തോമസിന്റെ പല നിര്‍ദ്ദേശങ്ങളും അപ്രായോഗികമാണെന്നായിരുന്നു യു.ഡി.എഫ് സര്‍ക്കാരിന്റെ നിലപാട്.
ഈ കാര്യങ്ങള്‍ പിന്‍തുടര്‍ന്ന് കോഴിക്കോട് സിറ്റിയിലെ 20 വന്‍ കെട്ടിടങ്ങളില്‍ ഫയര്‍ സേഫ്റ്റി വിഭാഗവും ജില്ലാ ഭരണകൂടവും പരിശോധന നടത്തിയിരുന്നു. ഗുരുതരമായ വീഴ്ച ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ കെട്ടിട ഉടമകള്‍ക്ക് സുരക്ഷാ മാനദണ്ഡമൊരുക്കാന്‍ നിര്‍ദ്ദേശിച്ച് കളക്ടര്‍ നോട്ടീസും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ചില കെട്ടിട ഉടമകള്‍ സുരക്ഷാ മാനദണ്ഡം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും വലിയ വിഭാഗം ഉത്തരവ് പാലിച്ചിരുന്നില്ലത്രേ.
ഇതിനിടെയാണ് കളക്ടര്‍-എംപി പോര് രൂക്ഷമായതും മുഖ്യമന്ത്രി ഇടപെട്ടതിനാല്‍ ഒടുവില്‍ മാപ്പ് പറയേണ്ടി വന്നതും.
എം.പി – കളക്ടര്‍ പോരില്‍ മാപ്പ് പറഞ്ഞതിലെ ‘ക്ഷീണം’ തീര്‍ക്കാനാണ് ഇപ്പോഴത്തെ നടപടിയെന്ന് ആക്ഷേപമുണ്ടെങ്കിലും പൊതുസമൂഹത്തിനിടയില്‍ നിന്ന് കളക്ടര്‍ക്ക് കൈയ്യടി കിട്ടുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ‘സൈബര്‍ സുഹൃത്തുക്കളുടെ’ പ്രതീക്ഷ.
അതേസമയം കളക്ടറുടെ ഉത്തരവ് ധൃതി പിടിച്ചുള്ളതാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാരിനെയും കോടതിയെയും സമീപിക്കാനുള്ള നീക്കത്തിലാണ് ‘പൂട്ടല്‍’ നോട്ടീസ് കിട്ടിയ കെട്ടിട ഉടമകള്‍