കെ.എം ഷാജിയുടെ ഭാര്യക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ്

കോഴിക്കോട്: അഴീക്കോട് എംഎല്‍എ കെ.എം ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചു. ഡിസംബര്‍ 17ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വേങ്ങേരി വില്ലേജിലെ ഭൂമിയില്‍ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് നോട്ടീസ്. ചട്ടവിരുദ്ധമായി വീട് നിര്‍മിച്ച ഭൂമിയില്‍ കോര്‍പ്പറേഷന്‍ സര്‍വേ നടത്തിയാണ് കയ്യേറ്റം കണ്ടെത്തിയത്. ഷാജിയുടെ ഭാര്യ ആശ ഇക്കാര്യത്തില്‍ വിശദീകണം നല്‍കണം. ആശയുടെ പേരിലാണ് ഭൂമി.

ഈ ഭൂമിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് എംകെ മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട്ടെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വച്ചാണ് മൊഴിയെടുത്തത്. കെ എം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും ചേര്‍ന്നാണെന്നുള്ള പരാതിയുടെ ഭാഗമായിട്ടാണ് മൊഴിയെടുത്തത്.

ഐഎന്‍എല്‍ നേതാവ് അബ്ദുള്‍ അസീസാണ് പരാതി നല്‍കിയത്. വേങ്ങേരിയിലെ വിവാദമായ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത് ഷാജിയും മുനീറും ചേര്‍ന്നെന്ന് പരാതിയില്‍ പറയുന്നു. സ്ഥലം രജിസ്റ്റര്‍ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലാണ്. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും എന്നാല്‍ ആധാരത്തില്‍ കാണിച്ചത് 37 ലക്ഷം രൂപ മാത്രമാണെന്നും പരാതിയില്‍ പറയുന്നു. രജിസ്‌ട്രേഷന്‍ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങള്‍ വെട്ടിച്ചെന്നാണ് ആരോപണത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

Top