കോഴിക്കോട്: കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബസഹായ നിധി കൈമാറാത്തതില്‍ വിമര്‍ശനവുമായി കോഴിക്കോട് ഡിസിസി നേതൃത്വം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുത്ത യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിനായി ഡിസിസി ഫണ്ട് പിരിവ് തുടങ്ങിയത്. 16 ലക്ഷം രൂപ ഇതുവരെ പിരിച്ചെടുത്തിരുന്നു.
തുക നേതൃത്വം വകമാറ്റിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നുവെന്നും ഇത് നാണക്കേട് ഉണ്ടാക്കിയെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ സംസാരിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പിരിച്ച തുക ഉടന്‍ കൈമാറണമെന്ന നിര്‍ദേശം ജില്ലാ നേതൃത്വത്തിന് നല്‍കി.
അതേസമയം മുഴുവന്‍ മണ്ഡലം കമ്മിറ്റികളും ഫണ്ട് നല്‍കിയിട്ടില്ലെന്നും ഉടന്‍ തന്നെ ധനസഹായം കൈമാറുമെന്നുമാണ് ഡിസിസി നേതൃത്വത്തിന്റെ വിശദീകരണം.
90 മണ്ഡലം കമ്മിറ്റികള്‍ ഉള്ളതില്‍ ഇനിയും ഫണ്ട് നല്‍കാത്ത കമ്മിറ്റികള്‍ ഉണ്ടെന്നും അവിടങ്ങളില്‍ പിരിവ് പൂര്‍ത്തിയായ ഉടന്‍ സഹായധനം കൈമാറുമെന്നും ഡിസിസി നേതൃത്വം വിശദകീരണം നല്‍കി.