എംകെ രാഘവന്‍ എംപിക്ക് എതിരെ കോഴിക്കോട് ഡിസിസി റിപ്പോർട്ട്

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ എം കെ രാഘവന്റെ പ്രസംഗത്തെ തള്ളി കോഴിക്കോട് ഡിസിസിപ്രസി‍ഡ‍ന്റ് കെ പ്രവീണ്‍കുമാര്‍ കെ പി സി സി നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കി. പൊതുവേദിയില്‍ രാഘവന്‍ നടത്തിയ പ്രസംഗം അനുചിതമാണെന്ന് കാട്ടിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. പ്രസംഗത്തിന്റെ ദൃശ്യങ്ങളും റിപ്പോര്‍ട്ടിനൊപ്പം കൈമാറിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്നും രാജാവ് നഗ്നനാണെന്ന് പറയാന്‍ ആരും തയ്യാറല്ലെന്നുമായിരുന്നു രാഘവന്‍റെ പരാമര്‍ശം. ഇതിനു പിന്നാലെയാണ് പ്രസംഗത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഡി സി സി പ്രസിഡന്റിനോട് കെ പി സി സി അധ്യക്ഷന്‍ ആവശ്യപ്പെട്ടത്.

കോഴിക്കോട്ട് പി ശങ്കരന്‍ അനുസ്മരണവേദിയിലെ രാഘവന്റെ പരാമർശമാണ് വിവാദമായത്. വിയോജിപ്പും വിമര്‍ശനവും പറ്റാത്ത രീതിയിലേക്ക് പാര്‍ട്ടി എത്തി. സ്ഥാനമാനം നഷ്ടപ്പെടുമെന്ന് ഭയന്ന് ആരും മിണ്ടുന്നില്ല. സംഘടനാ തിരഞ്ഞെടുപ്പില്ല. കെപിസിസി പട്ടിക ഘട്ടംഘട്ടമായി പുറത്തുവിടുന്നു. രാജാവ് നഗ്നനാണെന്ന് പറയാന്‍ ആരും തയ്യാറല്ല. നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വിഎം സുധീരനെ ഏറെ പുകഴ്ത്തിയായിരുന്നു രാഘവന്റെ പ്രസംഗമെന്നതും കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

കെപിസിസി അധ്യക്ഷന്റെ നിർദ്ദേശപ്രകാരം കോഴിക്കോട് ഡിസിസി പ്രസിഡന്റ് നൽകിയ റിപ്പോർട്ട്, രാഘവനെ തള്ളുന്നതാണ്. പൊതുവേദിയിലെ പരസ്യ വിമർശനം അനുചിതമാണെന്നാണ് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാറിന്റെ റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ കെപിസിസി തുടർ നടപടി സ്വീകരിക്കും. കെപിസിസി അംഗങ്ങളുടെ പട്ടിക തയ്യാറാക്കിയതിലെ അതൃപ്തി എ, ഐ ഗ്രൂപ്പുകള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് തരൂര്‍ പക്ഷത്തെ പ്രമുഖനായ രാഘവന്റെ കൂടി വിമര്‍ശനം. താരിഖ് അൻവർ സംസ്ഥാനത്തെത്താനിരിക്കെയാണ് സ്ഥിതി രൂക്ഷമായത്.

Top