കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടു പോയി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചു.

കാസര്‍കോട് സ്വദേശികളെയാണ് വിമാനത്താവളത്തില്‍ നിന്ന് ഒരു സംഘം തട്ടികൊണ്ട് പോയി സ്വര്‍ണവും പണവും കവര്‍ന്നത്. തുടര്‍ന്ന് അവരെ മര്‍ദ്ദിച്ച ശേഷം വസ്ത്രങ്ങള്‍ അഴിച്ച് പരിശോധിച്ചു.

കാസര്‍കോഡ് ഉദുമ സ്വദേശികളായ സന്തോഷ് അബ്ദുള്‍ സത്താര്‍ എന്നിവരാണ് പരാതി നല്‍കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ എയര്‍ഇന്ത്യ വിമാനത്തില്‍ വന്നിറങ്ങിയപ്പോഴാണ് സന്തോഷിനും സത്താറിനും ദുരനുഭവമുണ്ടായത്. ഇവര്‍ വിമാനത്താവളത്തില്‍ നിന്ന് ഓട്ടോ പിടിച്ച് കോഴിക്കോട്ടേക്കു പോവുകയായിരുന്നു. പിറകില്‍ കാറുമായി വന്ന കൊള്ളസംഘം ഇവരെ തടഞ്ഞു നിര്‍ത്തി കസ്റ്റംസാണെന്ന് പറഞ്ഞ് പാസ്‌പോര്‍ട്ട് കൈപറ്റി കാറില്‍ കയറ്റി കടപ്പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട്

അവിടെ വെച്ച് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വസ്ത്രം ഉള്‍പ്പെടെ അഴിച്ചാണ് പരിശോധന നടത്തിയതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇതിനു ശേഷം ഓരോരുത്തരുടെയും കയ്യിലുണ്ടായിരുന്നു 15000, രൂപയും 18,000 രൂപയും മൂന്നരപവന്‍ സ്വര്‍ണ്ണവും തട്ടിയെടുക്കുകയായിരുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്ന യാത്രക്കാര്‍ക്ക് നേരെ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ തട്ടിക്കൊണ്ടുപോകലാണിത്.

Top