വടകര:കൂടത്തായി കൂട്ടക്കൊലപാതകത്തിന് പിന്നിലെ പ്രതികളെ ചോദ്യം ചെയ്ത് വരികയാണ് പൊലീസ്. പ്രതികളില്‍ നിന്ന് ലഭിച്ച സുപ്രധാനമൊഴികള്‍ ഞെട്ടിക്കുന്ന വിവരങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആറുപേരെയും സയനൈഡ് നല്‍കി കൊലപ്പെടുത്തിയ ജോളി ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി രഞ്ജിയെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. കൂടത്തായി ദുരൂഹമരണങ്ങളില്‍ ജോളിയെ വിശദമായി ചോദ്യംചെയ്യുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കൂടത്തായിയിലെ തുടര്‍മരണങ്ങള്‍ ആസൂത്രിതമായ കൊലപാതകപരമ്പരയാണെന്ന് ഇതിനോടകം ഉറപ്പിച്ചിട്ടുണ്ട്.വൈകിട്ടോടെ ക്രൈംബ്രാഞ്ച് സംഘം വാര്‍ത്താസമ്മേളനം വിളിക്കുന്നതോടെ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭ്യമാകും.
നിലവില്‍ ജോളിയും സുഹൃത്തായ മാത്യുവും ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവും ഇയാളുടെ പിതാവ് സക്കറിയയുമാണ് കസ്റ്റഡിയിലുള്ളത്. മാത്യുവാണ് ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറുപേര്‍ ഒരേസാഹചര്യത്തില്‍ മരിച്ചത്. കൂടത്തായിയിലെ റിട്ട.അധ്യാപികയായ അന്നമ്മ തോമസാണ് 2002 ഓഗസ്റ്റ് 22-ന് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിന് പിന്നാലെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും ഇതിനുമൂന്നുവര്‍ഷത്തിന് ശേഷം ഇവരുടെ മകന്‍ റോയ് തോമസും മരിച്ചു.
2014 ഏപ്രില്‍ 24-ന് അന്നമ്മയുടെ സഹോദരനും അയല്‍വാസിയുമായ എം.എം. മാത്യവും സമാനസാഹചര്യത്തില്‍ മരിച്ചു. ഇതേവര്‍ഷം മെയ് ഒന്നിന് ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ ഒരു വയസ്സുള്ള മകള്‍ അല്‍ഫൈനയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. 2016 ജനുവരി 11-നാണ് അവസാനമരണം സംഭവിക്കുന്നത്. ഷാജുവിന്റെ ഭാര്യ ഫിലിയാണ് അന്ന് സമാനസാഹചര്യത്തില്‍ മരിച്ചത്. ഇതിനുപിന്നാലെ റോയ് തോമസിന്റെ ഭാര്യ ജോളിയും ഷാജുവും വിവാഹിതരായി.