കോഴിക്കോട്: കോഴിക്കോട് അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ പുതുപ്പാടിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനമായ മലബാര്‍ ഫിനാന്‍സ് ഉടമ മരിച്ചു. കുപ്പായക്കോട് ഒളവക്കുന്നേല്‍ പി.ടി. കുരുവിളയാണ് (ഷാജു കുരുവിള-53) പുലര്‍ച്ചെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബൈക്കിലെത്തിയ അക്രമി വെള്ളിയാഴ്ചയാണ് മുളകുപൊടി എറിഞ്ഞശേഷം പെട്രോളൊഴിച്ച് തീയിട്ടശേഷം ഓടി രക്ഷപ്പെട്ടത്. ഈസമയം കുരുവിള മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്.
ദേഹത്ത് തീപടര്‍ന്ന കുരുവിള, പുറത്ത് വരാന്തയിലൂടെ ഓടി കെട്ടിടത്തിനു മുകളില്‍നിന്ന് താഴേക്ക് ചാടി. റോഡരികിലെ ഓവുചാലിലേക്ക് വീണ ഇദ്ദേഹത്തെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പണമിടപാട് സ്ഥാപനത്തിനകത്തും തീപടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
ബൈക്കിലെത്തിയ, ചുവന്ന ടീ ഷര്‍ട്ട് ധരിച്ചയാളാണ് ആക്രമണം നടത്തിയതെന്ന് സമീപത്തെ കടക്കാര്‍ പറഞ്ഞു. അക്രമിയുടേതെന്നു കരുതുന്ന ഹെല്‍മെറ്റും കോട്ടും കെട്ടിടത്തിന്റെ പിറകുവശത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.
രണ്ടുദിവസം മുമ്പ് സ്ഥാപനത്തില്‍ വായ്പ ആവശ്യപ്പെട്ട് ഒരാള്‍ എത്തിയിരുന്നു. ഈട് ഹാജരാക്കാത്തതിനാല്‍ പണം നല്‍കിയില്ല. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ കുരുവിള ഇയാളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.
ഇയാളാണ് ആക്രമണം നടത്തിയതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുരുവിള പറഞ്ഞതായി പൊലീസ് അറിയിച്ചു. ഈ വീഡിയോ പോലീസിനു കൈമാറിയിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.