കോഴിക്കോട്: ചേവായൂരില്‍ മാനസിക വൈകല്യമുള്ള യുവതിക്ക് നേരെ നടന്നത് അതിക്രൂര ലൈംഗിക പീഡനമെന്ന് മൊഴി. മൂന്ന് പേര് ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നും പ്രതികളെ കണ്ടാല്‍ തിരിച്ചറിയാമെന്നും യുവതി മൊഴി നല്കി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇന്ത്യേഷ് എന്ന പ്രതിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമായിരിക്കുകയാണ്.
റോഡരികില്‍ നില്‍ക്കുമ്പോഴാണ് രണ്ട് പേര് ചേര്‍ന്ന് വീട്ടിലാക്കാമെന്ന് പറഞ്ഞ് യുവതിയെ ബൈക്കില്‍ കയറ്റിയത്. എന്നാല്‍ കൊണ്ടുപോയത് മുണ്ടിക്കല്‍ താഴത്തേക്കാണ്. ലോക്ക് ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിയിട്ട ബസില്‍ കയറ്റി പീഡിപ്പിക്കുകയായിരുന്നു. ഗോപിഷും ഇന്ത്യേഷും ചേര്‍ന്നാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് പ്രതികള്‍ വിളിച്ച് വരുത്തിയ മുഹമ്മദ് ഷമീറും പീഡിപ്പിച്ചെന്ന് അറസ്റ്റിലായവര്‍ സമ്മതിച്ചു. വൈകിട്ട് നാല് മണിക്ക് ബസില്‍ കൊണ്ടുവന്ന യുവതിയെ ഏഴ് മണിയോടെയാണ് തൊട്ടടുത്ത ഓട്ടോ സ്റ്റാന്‍ഡില്‍ വിട്ടത്.
നാളെയും കാണണം എന്ന് പറഞ്ഞ് 300 രൂപയും പ്രതികള്‍ യുവതിക്ക് നല്കി. വീട്ടിലെത്തി പണം കണ്ട അമ്മ, ഇത് എവിടെ നിന്ന് ലഭിച്ചു എന്ന് അന്വേഷിച്ചപ്പോഴാണ് മകള്‍ എല്ലാം പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മാനസിക അസ്വാസ്ഥ്യമുള്ള യുവതി പകല്‍ സമയത്ത് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാറുണ്ടായിരുന്നെങ്കിലും വൈകാതെ തന്നെ വീട്ടില്‍ എത്താറുണ്ടെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്.