കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ തുറന്ന കോഴിക്കോട് മിഠായി തെരുവിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പൊലീസ് നോക്കി നില്‍ക്കേയായിരുന്നു ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം. കല്ലേറില്‍ പല കടകളുടെയും ചില്ലുകളും വാഹനങ്ങളും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചു. വന്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പൊലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. ആക്രമണം നടത്തിയവരുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും പരാതി നല്‍കുമെന്നും വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്.
കൊല്ലം കൊട്ടാരക്കര പള്ളിക്കലിലും കോട്ടാത്തലയിലും ബി.ജെ.പി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. കൊട്ടാരക്കര വെട്ടിക്കവലയില്‍ കെ.എസ് ആര്‍ ടി സി.ബസിന് നേരെ കല്ലേറുണ്ടായി. കണ്ണൂരില്‍ അക്രമം നടത്തിയ ആറുപേര്‍ അറസ്റ്റിലായി. 10 പേരെ കസ്റ്റഡിയിലെടുത്തു. മലപ്പുറം തവനൂരില്‍ പ്രതിഷേധക്കാര്‍ സിപിഐഎം ഓഫീസിന് തീയിട്ടു.
കോഴിക്കോട് രാവിലെ വിവിധ സ്ഥലങ്ങളില്‍ റോഡുകളില്‍ ടയര്‍ കത്തിച്ചും കല്ലുകള്‍ നിരത്തിയും ഗതാഗതം തടസപ്പെടുത്തി. കുന്നമംഗലത്തും കൊയിലാണ്ടിയിലും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. പാലക്കാട് മരുതറോഡില്‍ കല്ലേറിയില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു. വെണ്ണക്കരയില്‍ ഇ.എം.എസ് സ്മാരക വായനശാലയ്ക്ക് രാത്രി തീയിട്ടു.
കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും വ്യാപകമായി ഇന്ന് കല്ലേറുണ്ടായി. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് എറണാകുളത്തും ഇടുക്കിയിലും സംഘപരിവാര്‍ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.
കൊട്ടാരക്കരയിലെ പത്തനാപുരത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിക്കുകയാണ്. കണ്ണൂരില്‍ കെഎസ് ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ബസിന്റെ ഗ്ലാസുകള്‍ പൂര്‍ണമായും തകര്‍ന്നു.
തിരുവനന്തപുരത്ത് ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ വയനാട് സ്വദേശിനി വാഹനം ലഭിക്കാത്തതിനെത്തുടര്‍ന്ന് കുഴഞ്ഞു വീണ് മരിച്ചു. വയനാട് സ്വദേശിയായ പാത്തുമ്മ (64)ആണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീണ് മരിച്ചത്.
ദേഹാസ്വസ്ത്യം അനുഭവപ്പെട്ട ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനായി വാഹനങ്ങളൊന്നും ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ബന്ധുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് ആംബുലന്‍സ് എത്തി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.