കോഴിക്കോട് എന്‍ഐടി ക്യാമ്പസിലെ രാത്രി കര്‍ഫ്യുവിന് എതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. പന്ത്രണ്ട് മണിക്ക് മുന്‍പ് ഹോസ്റ്റലില്‍ കയറണമെന്ന സര്‍ക്കുലര്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധം ആരംഭിച്ചു. ഒരു വര്‍ഷം മുന്‍പ് പിന്‍വലിച്ച നിയന്ത്രണമാണ് ഇപ്പോള്‍ വീണ്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
സ്റ്റുഡന്റ് വെല്‍ഫയര്‍ ഡീൻ പുറപ്പെടുവിച്ച സര്‍ക്കുലറാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ക്യാമ്പസിലേക്കുള്ള അനിയന്ത്രിതമായ പ്രവേശനവും രാത്രി വൈകി ക്യാന്റീനുകള്‍ പ്രവര്‍ത്തിക്കകുന്നതും സുരക്ഷാ വീഴ്ചയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാത്രി സഞ്ചാരത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം, 11 മണിയോടെ ക്യാന്റീനുകളും അടയ്ക്കും. വൈകി ഭക്ഷണം കഴിക്കുന്നത് വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നതിനാലാണ് ക്യാന്റീനുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നതെന്നാണ് വിശദീകരണം. രാത്രി വൈകിയുള്ള യാത്രകള്‍ കാരണം സുരക്ഷാ വീഴ്ചയുണ്ടാകുന്നുണ്ടെന്നും കുട്ടികള്‍ക്ക് ഉറക്കക്കുറവ് മൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ക്കയച്ച സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
ഹോസ്റ്റൽ കർഫ്യു കൂടാതെ, ക്യാമ്പസ്സിൽ എല്ലാവർക്കും ഐഡി കാർഡ് നിർബന്ധമാക്കാനും തീരുമാനമായതായി വിദ്യാർഥികൾ പറയുന്നു. പല നിറങ്ങളിലുള്ള ടാഗുകളോടെയാണ് ഐഡി കാർഡുകൾ നൽകിയിരിക്കുന്നത്.
വിദ്യാർഥികൾ നടത്തിയ സമരത്തിന് പുറത്ത്, എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിച്ചുകൊണ്ട് നടത്തിയ പരാമർശവും വിവാദമായിരുന്നു. ‘ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയിൽ അഭിമാനമുണ്ട്’ എന്നായിരുന്നു ഷൈജ ആണ്ടവൻ അഭിപ്രായപ്പെട്ടത്.