കോഴിക്കോട്: കടമുറിക്കുള്ളില്‍ നിന്ന് തലയോട്ടിയും അസ്ഥിയും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന കൊണ്ടോട്ടി സ്വദേശിയുടെ ബന്ധുക്കളുടെ ഡിഎന്‍എ സാംപിളുകള്‍ പൊലീസ് ഇന്ന് ശേഖരിച്ചേക്കും. മൃതദേഹ ഭാഗങ്ങള്‍ കൊയിലാണ്ടി സ്വദേശിയുടേതെന്ന് അന്തിമ സ്ഥിരീകരണം വന്നിട്ടില്ല. ഡിഎന്‍എ പരിശോധനാ ഫലമാണ് കേസില്‍ നിര്‍ണ്ണായകമാവുക. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലെ കടമുറിയില്‍ നിന്നാണ് തലയോട്ടിയും അസ്ഥിയും കണ്ടെത്തിയത്.
ജനുവരി പന്ത്രണ്ടാം തീയതിയാണ് ദേശീയ പാത നിര്‍മ്മാണത്തിനായി റോഡരുകിലെ കെട്ടിടം പൊളിക്കുന്നതിനിടെ വടകര കുഞ്ചിപ്പള്ളിയില്‍ ഒരു വര്‍ഷമായി അടച്ചിട്ട കടമുറിക്കുള്ളില്‍ നിന്നും തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തിയത്. അടച്ചിട്ട മുറിയില്‍ തലയോട്ടിയും, തൊട്ടടുത്ത മുറിയില്‍ നിന്ന് വാരിയെല്ലിന്റെ ഭാഗങ്ങളും കണ്ടെത്തി. ദേശീയ പാത നിര്‍മ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. മുമ്പ് ഹോട്ടലായി പ്രവര്‍ത്തിച്ചിരുന്ന കടമുറിക്കുള്ളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയിലായിരുന്നു തലയോട്ടിയും അസ്ഥിയും കിടന്നിരുന്നത്. രണ്ട് വര്‍ഷം മുമ്പ് കുന്നുമ്മക്കര സ്വദേശി ദേശീയ പാതാ അതോറിറ്റിക്ക് കൈമാറിയതാണ് കെട്ടിടം.
പൊലീസ് നടത്തിയ പരിശോധനയില്‍ സമീത്തുണ്ടായിരുന്ന വസ്ത്രത്തില്‍ നിന്നും മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു. ഈ മൊബൈല്‍ ഫോണിന്റെ ഉടമയായ കൊയിലാണ്ടി സ്വദേശി കുറച്ചു മാസങ്ങളായി മിസ്സിങ്ങാണ്. ഇയാള്‍ ദൂരസ്ഥലങ്ങളിലൊക്കെ സഞ്ചരിക്കുന്ന ശീലുള്ള ആളെന്നാണ് ബന്ധുക്കളുടെ മൊഴി. അതുകൊണ്ട് തന്നെ മൃതദേഹാവശിഷ്ടം കൊയിലാണ്ടി സ്വദേശിയുടേത് തന്നെ ആണോ എന്നതില്‍ സ്ഥിരീകരണം ആയിട്ടില്ല.
ഇക്കാര്യം ഉറപ്പിക്കാനായി ഡിഎന്‍എ പരിശോധനയ്ക്കായി ഇയാളുടെ ബന്ധുക്കളുടെ സാംപിളുകള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ഡിഎന്‍എ ഫലം അടക്കം ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണ്ണായകമാവുകയെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ നിരവധി ആളുകളുടെ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. അസ്തി കണ്ടെത്തിയതിന് പിന്നില്‍ കൊലപാതകമാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.