മാവോയിസ്റ്റ് വെടിവെപ്പ് ;ക്രൈംബ്രാഞ്ച് എസ്‍പി ശ്രീനിവാസിന്‍റെ നേതൃത്വത്തിൽ അന്വേഷിക്കും

വയനാട്: വൈത്തിരിയിലെ മാവോയിസ്റ്റ് വെടിവെപ്പ് കേസ് ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ് പി ഡോ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കോഴിക്കോട് യൂണിറ്റ് ഡിവൈഎസ്പി രാധാകൃഷ്ണനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

അതേസമയം വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി.ജലീലിന്റെ സംസ്‌കാരം മലപ്പുറം പാണ്ടിക്കാട്ടെ വീട്ടുവളപ്പില്‍ നടന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ച കഴിഞ്ഞാണ് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്.

സിപി ജലീലിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ പതിച്ചിട്ടുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇതില്‍ തലയ്‌ക്കേറ്റ വെടിയാണ് ഏറ്റവും ഗുരുതരം. തലയ്ക്ക് പിറകിലേറ്റ വെടി നെറ്റി തുളച്ചു മുന്നിലെത്തിയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവസ്ഥലത്ത് നിന്നും ടര്‍പഞ്ചര്‍ എന്ന തോക്ക് കണ്ടെത്തിയിട്ടുണ്ടെന്നും ഒരേസമയം ഒരൊറ്റ ഉണ്ട മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ തോക്കുപയോഗിച്ച് ആനയെ വരെ കൊല്ലാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ തോക്കില്‍ ഉപയോഗിക്കുന്ന എട്ട് തിരകളും കണ്ടെത്തി.

ഇയാളുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുകള്‍ ഘടിപ്പിച്ചിരുന്നോ എന്ന സംശയത്തെ തുടര്‍ന്ന് മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരേയും റിസോര്‍ട്ട് ജീവനക്കാരേയും മാറ്റിയ ശേഷം വളരെ കരുതലോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ബുധനാഴ്ച രാത്രിയാണ് വയനാട് വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ദേശീയ പാതയ്ക്ക് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു സംഭവം.

Top