കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനം. കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇന്ന് അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ചു. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയില്‍ രോഗ വ്യാപനം ഏറ്റവും കൂടുതല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ്. കോര്‍പ്പറേഷനില്‍ മാത്രം ഏഴ് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. ജില്ലയില്‍ വെള്ളിയാഴ്ച മാത്രം കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത് 37 വാര്‍ഡുകളാണ്. ഇവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊതു-സ്വകാര്യ ഇടങ്ങളിലെ കൂടിച്ചേരലുകള്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനായി ഇന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ അടിയന്തര കൗണ്‍സില്‍ യോഗം ചേരും. നഗരസഭാ പരിധിയിലെ എല്ലാ സ്ഥാപനങ്ങളിലും 15 ദിവസത്തിലൊരിക്കല്‍ കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. ഞായറാഴ്ച കോര്‍പ്പറേഷന്‍ പരിധിയില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.