കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സൈനബ വധക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. ഗൂഡല്ലൂര്‍ സ്വദേശി ശരത് ആണ് പിടിയിലായത്. മുഖ്യപ്രതി സമദ്, കൂട്ടുപ്രതി സുലൈമാന്‍ എന്നിവരില്‍ നിന്ന് സൈനബയുടെ സ്വര്‍ണ്ണം തട്ടിയെടുത്ത സംഘത്തിലുള്ളയാളാണ് ശരത്. ഇയാളില്‍ നിന്ന് സൈനബയുടെ മാല ഉള്‍പ്പെടെ ആറര പവന്‍ സ്വര്‍ണ്ണവും കണ്ടെടുത്തു. കോഴിക്കോട് ജെഎഫ്‌സിഎം മൂന്നാം കോടതിയില്‍ ഹാജരാക്കിയ ശരതിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
കഴിഞ്ഞ പതിമൂന്നിനാണ് കേസിലെ മുഖ്യ പ്രതി സമദ് കുറ്റിക്കാട്ടൂര്‍ സ്വദേശി സൈനബയെ കൊലപ്പെടുത്തി നാടുകാണിച്ചുരത്തിലെ കൊക്കയില്‍ തള്ളിയതായി കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. സമദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണിച്ചുരത്തില്‍ പരിശോധന നടത്തി. സൈനബയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. പ്രതികള്‍ സൈനബയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ്ണവും പണവും ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളില്‍ നിന്ന് മറ്റൊരു സംഘം ഈ സ്വര്‍ണ്ണവും പണവും തട്ടിയെടുത്തെന്ന വിവരമാണ് പൊലീസിനുള്ളത്.
സംഭവം നടക്കുമ്പോള്‍ 17 പവന്റെ സ്വര്‍ണാഭരണങ്ങള്‍ സൈനബ അണിഞ്ഞിരുന്നു. കയ്യില്‍ പണവും ഉണ്ടായിരുന്നു. ഈ മാസം ഏഴിന് മുക്കത്തിനടുത്ത് വെച്ചാണ് കൊല നടത്തിയത്. സൈനബക്ക് പരിചയത്തിലുള്ള സമദിനൊപ്പം കാറില്‍ പോവുകയായിരുന്നു. മുക്കത്തിന് സമീപത്തുവെച്ച് കാറില്‍ നിന്നും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളുകയായിരുന്നു. കൊലപാതകം പൂര്‍ണമായും ആസൂത്രിതമായാണ് നടത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.