കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കച്ചവടത്തിനായി കൊണ്ടുവന്ന വളര്‍ത്തു പക്ഷികളെ കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലാണ് വില്‍പ്പനയ്ക്ക് കൊണ്ട് വന്ന പക്ഷികളെ പിടിച്ചെടുത്തത്.
നഗരത്തില്‍ പക്ഷികളെ വില്‍പ്പന നടത്തരുതെന്ന നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. വില്‍പ്പനക്കെത്തിച്ചവയുടെ കൂട്ടത്തില്‍ ചത്ത കോഴിക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ഇവയെ പരിശോധനക്കായി ബംഗളൂരുവിലേക്ക് അയക്കും.
പക്ഷിപ്പനിയുടെ സാഹചര്യത്തില്‍ കോഴിക്കോട് നഗര പരിധിയിലെ മുഴുവന്‍ കോഴി ഫാമുകളും ചിക്കന്‍ സ്റ്റാളുകളും മുട്ട വില്‍പ്പന കേന്ദ്രങ്ങളും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. അലങ്കാര പക്ഷികളെ വില്‍ക്കുന്ന കേന്ദ്രങ്ങളും അടച്ചിടണമെന്നാണ് നിര്‍ദ്ദേശം. അനുസരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കേരള മുന്‍സിപ്പാലിറ്റി ആക്ട് അനുസരിച്ച് നടപടിയെടുക്കുമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു.
അതേസമയം, പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമുകള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയില്‍ കോഴികളടക്കമുള്ള വളര്‍ത്തുപക്ഷികളെ ഇന്നു മുതല്‍ കൊന്നു തുടങ്ങി. പ്രത്യേക പരിശീലനം നേടിയ, വിവിധ വകുപ്പുകളിലെ ഇരുന്നൂറിലധികം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയത്.