കോഴിക്കോട് : സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ നിരീക്ഷണത്തിലുള്ളവര്‍ കോഴിക്കോട് ജില്ലയിലെന്ന് റിപ്പോര്‍ട്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ പേരെ നിരീക്ഷിക്കുന്നത് ഈ ജില്ലയിലാണ്.
നിരീക്ഷണത്തിലുള്ള 12,740 പേരില്‍ 3,229 പേരും കോഴിക്കോട് നിന്നുള്ളവരാണ്. രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളേക്കാള്‍ ഇരട്ടിയിലേറെ പേരാണ് കോഴിക്കോട് നിരീക്ഷണത്തില്‍ കഴിയുന്നത്.
അതേസമയം, കൊറോണ ജാഗ്രതയില്‍ കോഴിക്കോട് യാത്രക്കാര്‍ കുറഞ്ഞതിനാല്‍ കഴിഞ്ഞ ദിവസം സ്വകാര്യബസുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. മാത്രമല്ല രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിരുന്നു.
കോഴിക്കോട് ഭട്ട്റോഡ് ബീച്ച്, കോഴിക്കോട് സൗത്ത് ബീച്ച്, കോഴിക്കോട് ബീച്ച്, കാപ്പാട് ഒന്ന്, രണ്ട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, സരോവരം ബയോ പാര്‍ക്ക്, തുഷാരഗിരി, പെരുവണ്ണാമുഴി, വയലട, അരിപാറ, നമ്പികുളം, വടകര സാന്‍ഡ്ബാങ്ക്സ് ബീച്ച് എന്നീ വിനോദകേന്ദ്രങ്ങളാണ് അടച്ചത്.