കോഴിക്കോട്: എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുക്കം നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് മുക്കം നഗരസഭ ചെയര്‍മാന്‍. അംഗനവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. നേരത്തെ കാരശ്ശേരി പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.
എച്ച്1 എന്‍1 പടര്‍ന്നുപിടിച്ച കോഴിക്കോട് കാരശേരി പഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് തുടരുകയാണ്. മെഡിക്കല്‍ കോളേജില്‍ നിന്നുളള ഡോക്ടര്‍മാരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. കുമാരനെല്ലൂര്‍ സംസ്‌കാരിക നിലയം, കാരമൂല അംഗന്‍വാടി, മരഞ്ചാറ്റില്‍ സാംസ്‌കാരിക നിലയം, സി.എച്ച്.സി, പാറത്തോട് സാംസ്‌കാരിക കേന്ദ്രം, ആനയാംകുന്ന് സ്‌കൂള്‍, കറുത്തപറമ്പ് സാംസ്‌കാരിക നിലയം, കാരശ്ശേരി ഹാള്‍ എന്നിവിടങ്ങളിലാണ് പ്രത്യേക ക്യാമ്പ് നടക്കുന്നത്.
നിലവില്‍ ആറ് വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കുമാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ സ്രവം മണിപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്കയച്ചതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുന്നൂറിലേറെ പേര്‍ സമാന രോഗലക്ഷണങ്ങളുമായി ചികിത്സയിലാണ്. കാറ്റഗറി എയിലുളള എച്ച്1എന്‍1 ആണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.