പാര്‍ട്ടിയില്‍ നിന്ന് ഇത്തരം നടപടിയുണ്ടായത് വിഷമിപ്പിക്കുന്നു: താഹയുടെ ഉമ്മ

കോഴിക്കോട്: യുഎപിഎ കേസില്‍ അറസ്റ്റിലായ താഹയെയും അലനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിച്ച് താഹയുടെ ഉമ്മ ജമീല. വിശ്വസിച്ച് കൂടെ നിന്ന പാര്‍ട്ടിയില്‍ നിന്ന് ഇത്തരം നടപടിയുണ്ടായത് വിഷമിപ്പിക്കുന്നുവെന്നും നേതാക്കളാരും പുറത്താക്കിയ വിവരം ഇതുവരെ തങ്ങളെ അറിയിച്ചിട്ടില്ലെന്നും ജമീല പറഞ്ഞു.

യുഎപിഎ ചുമത്തി ജയിലിലടച്ച അലനും താഹയും മാവോയിസ്റ്റുകാരാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയ ഇരുവരെയും സിപിഎം പുറത്താക്കിയതാണെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇരുവരും മാവോയിസ്റ്റുകളാണെന്നു വ്യക്തമായി മനസിലാക്കിയതു കൊണ്ടാണ് പുറത്താക്കിയതെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. ഏരിയ കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റി ഒരുമാസം മുന്‍പു തന്നെ അംഗീകരിച്ചിരുന്നുവെന്നും ജില്ലാ കമ്മിറ്റി ശനിയാഴ്ച സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനം റിപ്പോര്‍ട്ട് ചെയ്‌തെന്നും സംസ്ഥാന കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് അംഗീകാരം നല്‍കുകയും ചെയ്‌തെന്നുമാണ് കോടിയേരി വ്യക്തമാക്കിയത്.

Top