കോഴിക്കോട്: ഇന്ധനവില ഉയര്‍ന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഫെബ്രുവരി നാല് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. സ്വകാര്യ ബസുടമകള്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടുന്ന കാര്യത്തിൽ കൂടുതൽ ചർച്ച ആവശ്യമെന്ന മന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്നാണ് പണിമുടക്ക് മാറ്റി വയ്ക്കുന്നതെന്ന് ബസുടമകൾ പറഞ്ഞു.
ഇന്ധന വില വര്‍ധനവ് പരിഗണിച്ച് മിനിമം ബസ് ചാര്‍ജ്ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു സ്വകാര്യ ബസുകള്‍ അനിശ്ചിതകാലത്തേക്ക് സമരം നടത്താന്‍ തീരുമാനിച്ചത്.
ഇതേ ആവശ്യമുന്നയിച്ച് നവംബര്‍ 22ന് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടുമാസം സാവകാശം വേണമെന്ന ഗതാഗത മന്ത്രിയുടെ ആവശ്യത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.