കൊറോണ, പക്ഷിപ്പനി; മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ വിലവര്‍ധിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് കൊറോണ, പക്ഷിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനായുള്ള മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ വിലവര്‍ധിച്ചു. രോഗഭീതിയില്‍ ആവശ്യക്കാരേറിയതിനാല്‍ വില്‍പ്പന കൂടുന്നതോടൊപ്പം ഇവയ്ക്ക് ലഭ്യതക്കുറവും അനുഭവപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു.

അഞ്ചുമുതല്‍ പത്തുവരെ രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്‌ക്കുകള്‍ ഇപ്പോള്‍ 35 മുതല്‍ 40 രൂപയ്ക്കാണ് വില്‍ക്കുന്നത്. ചൈനയില്‍ നിന്നാണ് വിലകുറഞ്ഞ മാസ്‌ക്കുകള്‍ എത്തിയിരുന്നത്. ഇറക്കുമതി നിലച്ചതോടെയാണ് ക്ഷാമം അനുഭവപ്പെടുന്നത്. അവ ഇപ്പോള്‍ ലഭ്യാവുന്നില്ല. ഇവ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃതവസ്തുക്കളും കൂടുതലായി ചൈനയില്‍നിന്നാണ് വരുന്നത്.ചൈനയില്‍ കൊറോണ പടര്‍ന്നതോടെ ഇവയുടെ നിര്‍മാണഫാക്ടറികള്‍ അടച്ചു.

രണ്ടു പ്രമുഖ ഓണ്‍ലൈന്‍ കമ്പനികളും മാസ്‌ക്കുകളുടെ വില കൂട്ടിയിട്ടുണ്ട്. 100 ഡിസ്‌പോസിബിള്‍ മാസ്‌ക്കുകളടങ്ങിയ പായ്ക്കിന് രണ്ടായിരം രൂപയാണ് വില. ബ്രാന്‍ഡുകള്‍ക്കനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ട്. പക്ഷേ ഓണ്‍ലൈനില്‍ ലഭ്യതക്കുറവില്ല.

എന്‍ 95 മുഖാവരണങ്ങള്‍ക്കും കൈകള്‍ ശുചിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള സാനിറ്റൈസറുകള്‍ക്കും വില ഉയര്‍ന്നു. എന്‍ 45 മുഖാവരണത്തിന് 75 രൂപയുണ്ടായിരുന്നത് 400 രൂപയോളമായി. ഓണ്‍ലൈന്‍ വിപണിയില്‍ ഇതിന് 600 രൂപവരെയാണ് വില.

ശരീരത്തില്‍നിന്ന് സുരക്ഷിതമായ അകലത്തില്‍ പിടിച്ച് ശരീരോഷ്മാവ് അളക്കാന്‍ കഴിയുന്ന ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകളുടെയും വില ഉയര്‍ന്നിട്ടുണ്ട്. 500 മുതല്‍ 800 രൂപ വരെ വിലയുണ്ടായിരുന്ന ഇവയ്ക്കിപ്പോള്‍ 2500 രൂപയാണ് വില.

Top