പയിമ്പ്ര കൊലപാതകം; മൃതദേഹത്തിന്റെ തലയോട്ടിയില്‍ നിന്ന് മുഖം പുനഃസൃഷ്ടിക്കാന്‍ ശ്രമം

കോഴിക്കോട്: രണ്ടര വര്‍ഷം മുമ്പ് പോലൂര്‍ പയിമ്പ്രയിലെ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നു. വെസ്റ്റ് ഹില്‍ പൊതുശ്മശാനത്തില്‍ നിന്ന് കുഴിമാടം തുറന്ന് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് ആരംഭിച്ചു.

ആധുനിക സാങ്കേതിക വിദ്യയിലൂടെ തലയോട്ടിയില്‍ നിന്ന് മുഖം പുനഃസൃഷ്ടിച്ച് ആളെ കണ്ടെത്തനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.സംസ്ഥാനത്ത് ആദ്യമായാണ് മൃതദേഹം പുറത്തെടുത്ത് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷനിലൂടെ ആളെ തിരിച്ചറിയാന്‍ ശ്രമിക്കുന്നത്.

2017 സെപ്തംബര്‍ പതിനാലിനാണ് പോലൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ നാല്‍പ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പറമ്പില്‍ ബസാര്‍ പോലൂര്‍ പയിമ്പ്ര റോഡിലെ ചെറുവറ്റ സായി ബാബ ആശ്രമത്തിന് സമീപത്തെ പറമ്പിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുഖം കത്തി വികൃതമായതിനാല്‍ ആളെ തിരിച്ചറിയാനായില്ല. കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ച നിലയിലായിരുന്നു മൃതദേഹം.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥനത്തില്‍ കൊലപാതകമെന്ന നിഗമനത്തില്‍
ചേവായൂര്‍ പൊലീസ് അന്വേഷണം തുടങ്ങി എങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ ജനുവരി 25 ന് പുതിയ അന്വേഷണ സംഘം കേസ് ഏറ്റെടുക്കുകയായിരുന്നു. നിലവില്‍ മുക്കം ഇരട്ടക്കൊല അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബിനോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

Top