കോഴിക്കോട്: ലോക് ഡൗണ്‍ ആരംഭിച്ചതോടെ പാല്‍ വിതരണം തടസ്സപ്പെട്ട മലബാര്‍ മില്‍മ ഓണ്‍ലൈന്‍ വിതരണക്കാര്‍ വഴി പാല്‍ വീട്ടിലെത്തിക്കുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗി വഴിയും പൊട്ടാഫോ വഴിയും നാളെ മുതല്‍ പാല്‍ വീട്ടുപടിക്കല്‍ എത്തിക്കുമെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു.
90 ദിവസം വരെ തണുപ്പിക്കാതെ തന്നെ സൂക്ഷിക്കാവുന്ന യു.എച്ച്.ടി മില്‍ക്കാണ് ഓണ്‍ലൈന്‍ വിതരണക്കാരിലൂടെ വീടുകളിലെത്തിക്കുന്നത്.
പാലിനെ ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കി അണുവിമുക്തമാക്കുന്നതോടൊപ്പം ശുചിയായ അന്തരീക്ഷത്തില്‍ അണുവിമുക്തമാക്കിയ പ്രത്യേക പാക്കുകളിലേക്ക് പാക്ക് ചെയ്താണ് യു.എച്ച്.ടി മില്‍ക്ക് തയ്യാറാക്കുന്നത്.
പാല് കേടു കൂടാതെ ഇരിക്കുന്നതില്‍ ഈ പാക്കിങ്ങിന് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ ഒരിക്കല്‍ പാക്ക് പൊട്ടിച്ചു കഴിഞ്ഞാല്‍ സാധാരണ പാല്‍ പോലെ തണുപ്പിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കണം. പാലിന് പുറമെ പാലുല്‍പ്പന്നങ്ങളും വീടുകളില്‍ എത്തിച്ച് നല്‍കുന്നുണ്ട്.
കണ്‍സ്യൂമര്‍ ഫെഡ് വഴി പാലും പാല്‍ ഉല്പ്പന്നങ്ങളും വില്‍പ്പന നടത്തുമെന്നും ബാക്കിയുള്ളവ അംഗന്‍വാടി വഴി കുട്ടികള്‍ക്കും, ഗര്‍ഭിണികള്‍ക്കും വിതരണം ചെയ്യുമെന്നും അതിഥിതൊഴിലാളികളുടെ ക്യാമ്പുകളില്‍ വിതരണം ചെയ്യുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.